ശബരിമല: ശബരിമലയിൽ ഇത്തവണ ഇതുവരെ 222 കോടി 98 ലക്ഷം രൂപ നടവരുമാനമായി ലഭിച്ചുവെന്നും 29 ലക്ഷത്തിലേറെ തീർഥാടകർ എത്തിയെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ അറിയിച്ചു. 70.10 കോടി രൂപയാണ് കാണിക്കയായി ലഭിച്ചത്.
മണ്ഡലകാലം തുടങ്ങി 39 ദിവസം വരെയുള്ള കണക്കാണിത്. 222,98,70,250 രൂപയാണ് മൊത്തവരുമാനം. 70,10,81,986 രൂപ കാണിക്കയും.
29,08,500 തീർഥാടകർ എത്തി. ഇതിൽ 20 ശതമാനത്തോളം കുട്ടികളാണ്. രണ്ടുവർഷത്തോളം നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതാണ് കുട്ടികളുടെ എണ്ണം ഇക്കുറി വർധിക്കാൻ കാരണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. കുട്ടികൾക്കും അംഗപരിമിതർക്കും പ്രായമായർക്കും വേണ്ടി ഇക്കുറി ഏർപ്പെടുത്തിയ പ്രത്യേക ക്യൂ ഫലപ്രദമാണ്.
പരമാവധി പരാതികുറച്ച് തീർഥാടനം ഇക്കുറി പൂർത്തിയാക്കാനായി. ഒരു ദിവസം മാത്രമാണ് ദർശനത്തിന് ആളുകൾക്ക് കൂടുതൽ നേരം നിൽക്കേണ്ടി വന്നതായി ആക്ഷേപമുയർന്നത്. ശബരിമലയിൽ തിരക്ക് സ്വഭാവികമാണ്. എന്നാൽ സാധാരണയിൽ കൂടുതൽ നേരം ഭക്തർക്ക് അയ്യപ്പദർശനത്തിന് കാത്തുനിൽക്കേണ്ട അവസ്ഥയുണ്ടായാൽ അതു പരിശോധിക്കുന്നതാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ പറഞ്ഞു.
ദേവസ്വം ഗസ്റ്റ്ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ. എസ്.എസ്. ജീവൻ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ എച്ച്. കൃഷ്ണകുമാർ, ബോർഡ് ചീഫ് എൻജിനീയർ ആർ. അജിത് കുമാർ,
വിജിലൻസ് എസ്.പി. സുബ്രഹ്മണ്യം എന്നിവർ പങ്കെടുത്തു.
ശബരിമല വരുമാനം 222.98 കോടി;തീർഥാടകർ 29 ലക്ഷം പിന്നിട്ടു
Advertisements