തിരുവനന്തപുരം : സുരക്ഷിത ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകള്‍ക്ക് റേറ്റിങ് നല്‍കിയുള്ള ഹൈജീന്‍ ആപ്പ് പ്രവര്‍ത്തന സജ്ജമാകുന്നു.ഹോട്ടലുകളുടെ നിലവാരവും ശുചിത്വവും തരംതിരിച്ചുള്ള റേറ്റിങ് ആപ്പ് ഈ മാസം പതിനഞ്ചിനുള്ളില്‍ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ വി.ആര് വിനോദ് പറഞ്ഞു. പരിശോധനകള്‍ നടക്കാത്തതല്ല ഭക്ഷ്യവിഷബാധകള്‍ ആവര്‍ത്തിക്കുന്നതിനു പിന്നിലെന്നും, എല്ലാവരുടെയും സഹകരണത്തോടെ സുരക്ഷിതത്വം ഉറപ്പാക്കാനാണ് ശ്രമമെന്നും ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ വ്യക്തമാക്കി.
ശുചിത്വം, സൗകര്യങ്ങള്‍, ഭക്ഷണ വില എന്നിവയുടെ അടിസ്ഥാനത്തില്‍ ഹോട്ടലുകള്‍ക്ക് റേറ്റിംഗ് നല്‍കുന്നതാണ് ഹൈജീന്‍ ആപ്പ്. ഈ ആപ്പ് വഴി ഹോട്ടലുകളുടെ ഈ റേറ്റിങ് നോക്കി പൊതുജനത്തിന് കയറാന്‍ കഴിയുന്ന സംവിധാനം. ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റി അംഗീകരിച്ച ഏജന്‍സികളാണ് ഓഡിറ്റ് നടത്തി റേറ്റിങ് നല്‍കുക. മുഴുവന്‍ ഹോട്ടലുകളെയും ഇതിന് കീഴില്‍ കൊണ്ടുവന്ന് ആപ്പ് സജീവമാവുന്നതോടെ ചിത്രം മാറുമെന്നാണ് പ്രതീക്ഷ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവില്‍ ഇതിന് കീഴില്‍ സംസ്ഥാനത്തെ 800 ഹോട്ടലുകളാണുള്ളത്.പരിശോധനകള്‍ക്കൊപ്പം സാങ്കേതിക വിദ്യയുടെ കൂടി സഹായത്തോടെ സുരക്ഷിത ഭക്ഷണം ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് ഏറെ നാളായി. പൊതുജനങ്ങള്‍ക്ക് പരാതി നല്കാന് കേന്ദ്രീകൃത സംവിധാനമായ പോര്‍ട്ടലായിരുന്നു ഇതിലൊന്ന്. ഇതും ഉടനെ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
ഇതുവരെ നാല്‍പ്പത്തിയെട്ടായിരത്തിനടുത്ത് പരിശോധനകളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയത്. 1 .34 കോടി രൂപയ്ക്ക് മീതെ പിഴയീടാക്കി. 3,244 കേസുകള്‍ തീര്‍പ്പാക്കി. ഈ കണക്കുകള്‍ നിരത്തിയാണ് കോട്ടയത്തെ മരണത്തോടെ വീണ്ടും ശക്തമായ വിമര്‍ശനങ്ങളെ വകുപ്പ് പ്രതിരോധിക്കുന്നത്. പരിശോധന മാത്രം മതിയാകില്ലെന്ന മറുപടിയും. റേറ്റിങ് അടിസ്ഥാനത്തില്‍ ഹൈജീന്‍ ആപ്പിന് കീഴിലേക്ക് വരാന്‍ എത്ര ഹോട്ടലുകള്‍ തയാറാകുമെന്നത് കൂടി സംരംഭത്തിന്റെ വിജയത്തില്‍ നിര്‍ണായകമാവുമെന്നുറപ്പ്.