തൃശൂർ: 35000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ സ്റ്റേറ്റ് ടാക്സ് ഓഫിസർക്ക് നാലു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. പാലക്കാട് മൊബൈൽ ഇന്റെലിജൻസ് സ്കോഡിലെ ഓഫീസർ ആയിരുന്ന കെ.എസ് ജയറാമിനെയാണ് തൃശൂർ വിജിലൻസ് കോടതി ശിക്ഷിച്ചത്. 2014 ൽ വാണിജ്യ നികുതി വകുപ്പിന്റെ പാലക്കാട് മൊബൈൽ ഇന്റെലിജൻസ് സ്കോഡിലെ ഓഫീസർ ആയിരുന്ന കെ.എസ് ജയറാമിനെ 34,000/ രൂപ കൈക്കൂലി വാങ്ങിയ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി തൃശൂർ വിജിലൻസ് കോടതി നാലുവർഷം തടവിനും, ഒരു ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു.
2014 ഫെബ്രുവരിയിൽ പാലക്കാട് ജില്ലയിലെ അഗളിക്ക് സമീപമുള്ള ചെമ്മണ്ണൂർ എന്ന സ്ഥലത്ത് പി.എസ്.എസ് ഹോളോബ്രിക്സ്സ് എന്ന സ്ഥാപനത്തിൽ പരിശോധന നടത്തിയ ശേഷം അന്നത്തെ വിജിലൻസ് ഇന്റെലിജൻസ് സ്ക്വാഡിലെ ഓഫീസർ ആയിരുന്ന കെ.എസ് ജയറാം ബില്ലുകളും, അക്കൗണ്ടുകളും സൂക്ഷിച്ചില്ല എന്നു ചൂണ്ടിക്കാട്ടി ഇദ്ദേഹത്തിന് സമൻസ് അയച്ചു. ഇതു പ്രകാരം തൊട്ടടുത്ത മാർച്ച് മാസം ഓഫിസിലെത്തിയ ഉടമസ്ഥനായ പി.എസ് സദാനന്ദനോട് 40,000/ രൂപ കൈക്കൂലി തന്നാൽ 20,000/ രൂപ പിഴയായി കുറച്ചു നൽകാം എന്ന് അറിയിച്ചു. തുടർന്ന് 2014 ഏപ്രിൽ മാസം നാലാം തീയതി പരാതിക്കാരനായ പി.എസ് സദാനന്ദൻ പാലക്കാട് വിജിലൻസ് ഓഫീസിലെത്തി ഡി.വൈ.എസ്.പി ആയിരുന്ന എം. സുകുമാരനോട് പരാതി പറഞ്ഞതിൻ പ്രകാരം ഫിനോഫ്തലിൻ പൌഡർ പുരട്ടിയ 60,000/ രൂപ പാലക്കാട് വാണിജ്യനികുതി ഓഫീസിലെത്തി കെ എസ് ജയറാമിന് കൈമാറുകയും ചെയ്തു. എന്നാൽ 15,810/ രൂപയുടെ ഫൈൻ ഈടാക്കിയതായി മാത്രം രസീത് നൽകുകയും, പി.എസ് സദാനന്ദൻ വീട്ടിലെ സാമ്പത്തിക അവസ്ഥ വിവരിച്ചപ്പോൾ 10,190/ രൂപ തിരികെ നൽകുകയും അവശേഷിച്ച 34,000/രൂപ ജയറാം കൈക്കൂലിയായി പോക്കറ്റിലിടുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സമയം കെ.എസ് ജയറാമിനെ വിജിലൻസ് കൈയ്യോടെ പിടികൂടുകയാണ് ഉണ്ടായത്. ഇതിലേക്ക് വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ്സിലാണ് കെ.എസ് ജയറാമിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി 4 വർഷം കഠിന തടവിനും, ഒരു ലക്ഷം രൂപ പിഴ ഈടാക്കുന്നതിനും ശിക്ഷിച്ചത്. നിലവിൽ കെ.എസ് ജയറാം കൊല്ലം ജില്ലയിലെ സ്റ്റേറ്റ് ടാക്സ് ഓഫീസറാണ്.
നാലുവർഷം ശിക്ഷ വിധിച്ച പ്രതിയെ ജാമ്യം റദ്ദാക്കി ജയിലിൽ അടച്ചു. പാലക്കാട് വിജിലൻസ് യുണിറ്റ് മുൻ ഡി.വൈ.എസ്.പി ആയിരുന്ന എം.സുകുമാരൻ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ശൈലജൻ ഹാജരായിരുന്നു.