കോട്ടയം : മുണ്ടക്കയത്ത് യുവാവില്‍ നിന്നും പണം നൽകാമെന്ന് പറഞ്ഞ് വാഹനം കബളിപ്പിച്ച് തട്ടിയെടുത്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പെരുവന്താനം പണ്ടാരവിളയിൽ വീട്ടിൽ കരുണാകരൻ മകൻ മിഥുൻ പി.കെ (27), കൂട്ടിക്കൽ താളുങ്കൽ അമ്പലം ഭാഗത്ത് മണ്ണൂർ വീട്ടിൽ പ്രസന്നൻ മകൻ പ്രജിൻ (28) എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളിൽ ഒരാളായ മിഥുൻ കഴിഞ്ഞമാസം പത്താം തീയതി എരുമേലി കനകപ്പലം ഭാഗത്തുള്ള യുവാവിൽ നിന്നും ആൾട്ടോ കാർ പണയം വെച്ച് എഴുപതിനായിരം രൂപ നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് വാഹനം വാങ്ങിയെടുക്കുകയും, തുടർന്ന് പണവും കാറും തിരികെ നൽകാതെ വാഹനം ഇയാൾ തന്റെ സുഹൃത്തായ പ്രജിന് നൽകുകയും, പ്രജിനും മറ്റൊരു സുഹൃത്തും ചേർന്ന് വാഹനവുമായി തമിഴ്നാട്ടിലേക്ക് കടന്നു കളയുകയുമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ കുമളി യിൽ നിന്നും പിടികൂടുകയായിരുന്നു. മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ ഷൈൻ കുമാർ എ, എസ്.ഐ രാജേഷ് ആർ, അനൂബ് കുമാർ, അനീഷ് പി.എസ്, സി.പി.ഓ അജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.