കൊച്ചി : വൈപ്പിൻ ഞാറക്കലിൽ ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയ ശേഷം ഭർത്താവ് സജീവൻ മക്കളോട് പറഞ്ഞത് അമ്മ വഴക്കിട്ട ശേഷം മറ്റൊരാളോടൊപ്പം പോയെന്ന്. കൊല്ലപ്പെട്ട നായരമ്പലം സ്വദേശി രമ്യയുടെ സഹോദരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുറത്തറിഞ്ഞാൽ നാണക്കേടാണെന്നും കുട്ടികളോട് പറഞ്ഞു. ആരെങ്കിലും ചോദിച്ചാൽ പുറത്ത് പഠിക്കാൻ പോയിരിക്കുകയാണെന്ന് പറയാനും പഠിപ്പിച്ചു. രമ്യയെ അന്വേഷിച്ച ബന്ധുക്കളോടും അയൽവാസികളോടും ബംഗളുരുവിൽ പഠിക്കാൻ പോയെന്ന് സജീവൻ പറഞ്ഞു. മക്കളുടെ സംസാരത്തിൽ പിന്നീട് സംശയം തോന്നിയിരുന്നുവെന്നും അവർക്ക് ഒന്നും അറിയില്ലായിരുന്നുവെന്നും സഹോദരൻ പറയുന്നു.
വാച്ചാക്കലിൽ വാടകയ്ക്ക് താമസിക്കുന്നതിനിടെ 2021 ആഗസ്റ്റ് 16നാണ് രമ്യയെ കൊലപ്പെടുത്തിയതെന്നാണ് സജീവൻ പൊലീസിനോട് പറഞ്ഞത്. ഭാര്യയെക്കുറിച്ചുള്ള ചില സംശയങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ആഗസ്റ്റ് 16ന് ഭാര്യയുമായി വാക്കുതർക്കമുണ്ടായി. തർക്കത്തിനിടെ രമ്യയുടെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തി. പകൽ സമയത്തായിരുന്നു കൊലപാതകം. മൃതദേഹം ഒളിപ്പിച്ച ശേഷം രാത്രി വീട്ടുമുറ്റത്ത് കുഴിച്ചിടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒന്നരവർഷം മുമ്പാണ് രമ്യയെ കാണാതായത്. അയൽവാസികൾ അന്വേഷിച്ചപ്പോൾ രമ്യ ബംഗളുരുവിൽ ജോലി കിട്ടി പോയെന്നായിരുന്നു സജീവൻ മറുപടി നൽകിയത്. ഇതിന് ശേഷം ഒരുപാട് കാലമായിട്ടും രമ്യയെക്കുറിച്ച് വിവരമൊന്നുമില്ലാതായതോടെ ബന്ധുക്കളും അന്വേഷണം തുടങ്ങി. തുടർന്ന് സജീവനും ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകി.
പത്തനംതിട്ട ഇലന്തൂർ നരബലി കേസുകൾ പുറത്തുവന്ന സമയത്ത് പൊലീസ് മിസിംഗ് കേസുകളിൽ നടത്തിയ അന്വേഷണമാണ് കൊലപാതകത്തെക്കുറിച്ച് സൂചന നൽകിയത്. അന്വേഷണവുമായി ബന്ധപ്പെട്ട് സജീവനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനൊടുവിൽ സജീവൻ ഭാര്യയെ കൊന്ന് കുഴിച്ച് മൂടിയെന്ന് കുറ്റസമ്മതം നടത്തുകയായിരുന്നു.