അതിരമ്പുഴ: സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിൻ്റെ തിരുനാളിനോടനുബന്ധിച്ച് ഇന്നലെ വൈകുന്നേരം നടന്ന തിരുനാൾ പ്രദക്ഷിണം ഭക്തി സാന്ദ്രമായി. വലിയ പള്ളിയിൽ നിന്ന് ആരംഭിച്ച പ്രദക്ഷിണം ചെറിയ പള്ളിക്ക് വലംവച്ച് തിരികെയെത്തി വലിയപള്ളിയും ചുറ്റിയാണ് സമാപിച്ചത്.
22 വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ പ്രദക്ഷിണത്തിൽ സംവഹിക്കപ്പെട്ടു. ഏറ്റവും മുന്നിൽ ഉണ്ണിയീശോയുടെയും ഏറ്റവും പിന്നിൽ വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുസ്വരൂപങ്ങൾ. പൊൻ – വെള്ളിക്കുരിശുക്കളു കൊടികളും മുത്തുക്കുടകളും ചുരുട്ടി, തഴക്കുട, ആലവട്ടം, വെഞ്ചാമരം തുടങ്ങിയ അകമ്പടിക്കൂട്ടങ്ങളും ചെണ്ടമേളങ്ങളും ബാൻ്റ് മേളങ്ങളും പ്രദക്ഷിണത്തിന് അകമ്പടിയേകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വലിയ പള്ളിക്കും ചെറിയ പള്ളിക്കുമിടയിൽ ജോൺ പോൾ രണ്ടാമൻ നഗറിൽ ഇരുവശങ്ങളിലായി നിരന്ന നൂറുകണക്കിന് മുത്തുക്കുടകൾക്കു മധ്യേ വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ അണിനിരന്ന മനോഹര ദൃശ്യത്തിന് ഭക്തജന സഹസ്രങ്ങൾ സാക്ഷ്യം വഹിച്ചു.
വിശുദ്ധ സെബസ്ത്യാനോസിൻ്റെ തിരുസ്വരൂപത്തിനു പിന്നിൽ ഭക്തജനങ്ങൾ പ്രാർത്ഥനാപൂർവം നീങ്ങി. തളിർ വെറ്റിലയെറിഞ്ഞും പുഷ്പാർച്ചന നടത്തിയും ഭക്തജനങ്ങൾ വിശുദ്ധനോടുള്ള ആദരവറിയിച്ചു.
8.30ന് പ്രശസ്തമായ അതിരമ്പുഴ വെടിക്കെട്ട് ആരംഭിച്ചു. 9.30 വരെ ഒരു മണിക്കൂർ തുടർച്ചയായി നടന്ന വെടിക്കെട്ട് ജനം ഹർഷാരവത്തോടെ ആസ്വദിച്ചു.
ഇന്ന് വൈകിട്ട് ഏഴിന് നേർച്ച വസ്തുക്കളുടെ ലേലം നടക്കും. ഏലക്കാ മാലകൾ ഉൾപ്പെടെയുള്ള നേർച്ച വസ്തുക്കളുടെ ലേലം കാണാൻ നൂറു കണക്കിന് ആളുകൾ തടിച്ചുകൂടും.
27 മുതൽ 31 വരെ എല്ലാ ദിവസവും രാവിലെ 5.45 നും 7.30നും 11നും വൈകുന്നേരം അഞ്ചിനും 6.30നും വിശുദ്ധ കുർബാന നടക്കും. ഫെബ്രുവരി ഒന്നിന് എട്ടാമിടം ആചരണത്തോടെ തിരുനാൾ സമാപിക്കും.
അതിരമ്പുഴ പള്ളിയിൽ ഇന്ന് (ജനു.26)
തിരുക്കർമങ്ങൾ വലിയ പള്ളിയിൽ
രാവിലെ 5.45ന് വിശുദ്ധ കുർബാന – ഫാ. മാത്യൂസ് ചക്കാലയ്ക്കൽ സിഎംഐ
7.30ന് വിശുദ്ധ കുർബാന – ഫാ. ജയിംസ് മുല്ലശേരി സിഎംഐ
9.30ന് സുറിയാനി കുർബാന – റവ.ഡോ. വർഗീസ് മറ്റത്തിൽ
11ന് വിശുദ്ധ കുർബാന – ഫാ. ജേക്കബ് കാട്ടടി
വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന – ഫാ. ജോസഫ് പാറത്താനം
6.30ന് വിശുദ്ധ കുർബാന – ഫാ. സന്തോഷ് തർമശേരി