ന്യൂഡൽഹി : അദാനി ഗ്രൂപ്പിനെതിരായ റിപ്പോർട്ടിൽ ഉറച്ചുനിൽക്കുന്നുവെന്ന് യു.എസ് ഫിനാൻഷ്യൽ റിസർച്ച് സ്ഥാപനമായ ഹിൻഡൻബർഗ്. അദാനി ഗ്രൂപ്പ് ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നതാണെന്ന റിപ്പോർട്ടിന്റെ എല്ലാ രേഖകളും കൈവശമുണ്ട്. അദാനിയുടെ നിയമനടപടി നേരിടാൻ തയ്യാറാണ്. റിപ്പോർട്ടിന്റെ അവസാനം 88 ചോദ്യങ്ങൾ ചോദിച്ചിരുന്നു, എന്നാൽ 36 മണിക്കൂറായിട്ടും ഒരു ചോദ്യത്തിനും അദാനി ഗ്രൂപ്പിന് മറുപടിയില്ലെന്നും ഹിൻഡൻബർഗ് വ്യക്തമാക്കി. .
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന് കനത്ത തിരിച്ചടിയാണ് നേരിടുന്നത്. ഒരുദിവസം ഏകദേശം 74000 കോടി രൂപയുടെ ഇടിവാണ് ഓഹരിവിപണിയിൽ അദാനി ഗ്രൂപ്പിനുണ്ടായത്. അദാനിയുടെ ലിസ്റ്റ് ചെയ്ത കമ്ബനികളെല്ലാം ഇടിവ് നേരിട്ടു. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിക്ഷേപകർ ഓഹരികൾ വിറ്റഴിച്ച് തുടങ്ങിയപ്പോൾ തന്നെ അദാനി ഗ്രൂപ്പ് വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. റിപ്പോർട്ട് നുണയെന്ന് വാദിച്ചെങ്കിലും ഇന്നലത്തെ വീഴ്ചയെ തടയാൻ കഴിഞ്ഞില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നത്ത രണ്ടാമത്തെ വാർത്താക്കുറിപ്പിലാണ് ഹിൻഡൻബർഗിനെതിരെ നിയമ നടപടിയെടുക്കുമെന്ന് അദാനി ഗ്രൂപ്പ് മുന്നറിയിപ്പ് നൽകിയത്. ഓഹരിവിപണിയിൽ 20000 കോടി രൂപ സമാഹരിക്കാനായി നടക്കാൻ പോകുന്ന അദാനി ഗ്രൂപ്പിന്റെ എഫ്.പി.ഒ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.