തിരുവനന്തപുരം : യുവജന കമ്മിഷന് അധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ ഗുരുതരമായ പിഴവ്. മലയാളത്തിലെ ഏറ്റവും പ്രശസ്തമായ കവിതകളിലൊന്നായ വാഴക്കുലയുടെ രചയിതാവിന്റെ പേരാണ് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത്. കേരള സര്‍വകലാശാല പ്രോ വൈസ്ചന്‍സലറായിരുന്ന ഡോ. പി.പി.അജയകുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു ചിന്ത ഗവേഷണം പൂര്‍ത്തിയാക്കിയത്. വാഴക്കുല ബൈ വൈലോപ്പിള്ളി എന്നാണ് ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ ആദ്യ അധ്യായത്തില്‍തന്നെ രേഖപ്പെടുത്തിയിരിക്കുന്നത്.
മലയാളത്തിലെ എക്കാലത്തെയും മികച്ചതും ഏറെ ജനപ്രിയവുമായ കവിതകളിലൊന്നാണ് ചങ്ങമ്പുഴയുടെ വാഴക്കുല. ജന്മി വാഴ്ചയോടുള്ള കടുത്ത വിമര്‍ശനമായും ഈ കവിത വിലയിരുത്തപ്പെടുന്നു. ഇടത് ചിന്താഗതിയുടെ സമര ഗാനങ്ങളിലൊന്നായും മാറി. ഇന്നും മലയാളിയുടെ മനസ്സില്‍ നിറഞ്ഞു നില്ക്കുന്ന സാഹിത്യകൃതിയാണിത്. നവലിബറല്‍ കാലത്തെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ എന്ന വിഷയത്തിലാണ് ചിന്ത ഗവേഷണം നടത്തിയത്. ഇംഗ്ലിഷ് സാഹിത്യവും ഭാഷയും എന്ന വകുപ്പിന് കീഴിലായിരുന്നു പഠനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2021ല്‍ ചിന്താ ജെറോം ഡോക്ടറേറ്റ് നേടി. കമ്യൂണിസ്റ്റ് പ്രസ്ഥാനവും ആശയങ്ങളും രൂപം നല്കിയ ജാതിരഹിത സമൂഹമെന്ന കാഴ്ചപ്പാടില്‍ പ്രിയദര്ശന്, രഞ്ജിത്ത് എന്നിവരുടെ സിനിമകള്‍ വെള്ളം ചേര്‍ക്കുന്നു എന്ന് പറഞ്ഞു വരുന്നതിനിടെയാണ് വാഴക്കുലയെ കുറിച്ചുള്ള പരാമര്‍ശം. അവിടെയാണ് വൈലോപ്പിള്ളിയാണ് ഈ കവിതയെഴുതിയതെന്ന് പറയുന്നത്. ചിന്തയും ഗൈഡും ഈ വലിയ പിഴവ് കണ്ടെത്തിയില്ല. സര്‍വകലാശാലയുടെ വിവിധ സമിതികളോ വിദഗ്ധരോ ഗവേഷണബിരുദം നല്‍കും മുന്‍പൊന്നും തെറ്റ് തിരിച്ചറിഞ്ഞുമില്ല. ഇങ്ങനെയൊരു കാര്യം ഒാര്‍ക്കുന്നില്ലെന്നും പരിശോധിക്കാമെന്നും ചിന്താ ജെറോം പറഞ്ഞു.