അടൂർ : അടൂർ റസ്റ്റ് ഹൗസിൽ പൂട്ടിയിട്ട് യുവാവിനെ മർദ്ദിച്ച കേസിലെ പ്രതികൾക്ക് നേരെ വെടിയുതിർത്ത് പൊലീസ്. അന്വേഷണ സംഘത്തിന് നേരെ വടിവാൾ വീശി ഭീഷണിപ്പെടുത്തിയ പ്രതികൾ കായലിൽ ചാടി രക്ഷപ്പെട്ടു. കേസിലെ മറ്റൊരു പ്രതിയായ ലിബിൻ ലോറൻസിനെ പോലീസ് പിടികൂടി. കാപ്പ ചുമത്തിയവരും ക്രിമിനൽ പശ്ചാത്തലം ഉള്ളവരുമാണ് പ്രതികളെന്ന് പൊലീസ് വ്യക്തമാക്കി. കൊച്ചിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ലിബിൻ വർഗീസിനെ അടൂരിലെ റസ്റ്റ് ഹൗസിൽ എത്തിച്ച് മർദ്ദിക്കുന്നതിന് മുൻപ് പ്രതികൾ കുണ്ടറയിലെ കായൽ തീരത്ത് എത്തിച്ച് അതി ക്രൂരമായി മർദ്ദിച്ചിരുന്നു. പ്രതികൾ കുണ്ടറയിൽ ഉണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് കൊച്ചിയിൽ നിന്ന് അന്വേഷണസംഘം പ്രതികളെ പിടികൂടാനായി എത്തിയത്.
എന്നാൽ പോലീസിനെ കണ്ടതും പ്രതികൾ കയ്യിലുണ്ടായിരുന്ന വടിവാൾ വീശി ഭീഷണിപ്പെടുത്തി. പ്രതികളെ പിടികൂടാൻ പോലീസ് 4 റൗണ്ട് വെടിയുതിർന്നു. പ്രതികളായ ആന്റണി ദാസ് , ലിയോ പ്ലാസിഡ് എന്നിവർ പൊലീസിനെ ഭീഷണിപ്പെടുത്തി കായലിൽ ചാടി രക്ഷപ്പെട്ടു. കേസിലെ മറ്റൊരു പ്രതിയായ ലിബിൻ ലോറൻസിനെ പോലീസ് പിടികൂടി. പ്രതിയായ ആന്റണി ദാസിനെതിരെ കാപ്പ ചുമത്തിയിരുന്നു. ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കേസിൽ നേരത്തെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.