ഗോവ : അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 52-ാം പതിപ്പിന് ഗോവയിൽ ആവേശ തുടക്കം. വൈകിട്ട് നടന്ന റെഡ് കാർപ്പെറ്റോടെയാണ് ചലച്ചിത്ര മാമാങ്കത്തിന് അരങ്ങുണർന്നത്. സംവിധായകൻ കരൺ ജോഹറായിരുന്നു അവതാരകൻ. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള മുഖ്യാതിഥിയായി. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂറും ശ്രീധരൻ പിള്ളയും ചേർന്ന് മേളയ്ക്ക് തിരി തെളിച്ചു.
ഹേമമാലിനി, ഖുശ്ബു, റസൂൽ പൂക്കുട്ടി, പ്രമോദ് സാവന്ത്, പ്രസൂൺ ജോഷി, രവി കൊട്ടാരക്കര, മധുർ ഭണ്ഡാർക്കർ, മഞ്ജു ബോറ, അമിത് ഗോയങ്ക, മിനിസ്ട്രി ആൻഡ് ബ്രോഡ് കാസ്റ്റിങ് സെക്രട്ടറി അപൂർവ ചന്ദ്ര തുടങ്ങിയവർ ചടങ്ങിനെത്തിയിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഹൈബ്രിഡ് ഫോർമാറ്റിലാണ് മേള സംഘടിപ്പിക്കുന്നത്.