പത്തനംതിട്ട : തകര്‍ന്ന പുതമണ്‍ പാലത്തിന് പകരം പുതിയ പാലം നിര്‍മിക്കുന്നതിനുള്ള മണ്ണ് പരിശോധന ഉള്‍പ്പെടെ നടത്തുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഇത് കൂടാതെ ഇപ്പോള്‍ ഗതാഗതം തിരിച്ചു വിടുന്നതിന് താല്‍ക്കാലിക റോഡ് നിര്‍മിക്കാനുള്ള സാധ്യതയും പരിശോധിച്ചു വരുന്നു. നിയമസഭയില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
റാന്നിയെയും കോഴഞ്ചേരിയും ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ പുതമണ്‍ പാലം അപകടത്തിലായി ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവച്ചതോടെ ജനങ്ങള്‍ ആകെ ബുദ്ധിമുട്ടിലായതായി എംഎല്‍എ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ഏകദേശം പത്ത് കിലോമീറ്റര്‍ അധികം ചുറ്റി സഞ്ചരിച്ചു വേണം പാലത്തിന്റെ മറുകരയില്‍ എത്താന്‍. ഇത് ജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിക്കുന്നു. പുതിയ പാലം നിര്‍മാണം പൂര്‍ത്തിയാക്കുന്നത് വരെ യാത്ര ചെയ്യാനായി താല്‍ക്കാലിക റോഡും നിര്‍മിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടിരുന്നു. 70 വര്‍ഷത്തില്‍ അധികം പഴക്കമുള്ള പാലത്തിന് 13.5 മീറ്റര്‍ നീളവും 10.20 മീറ്റര്‍ വീതിയും ഉണ്ട്. ബീം ഒടിഞ്ഞതിനെ തുടര്‍ന്ന് പാലത്തിന്റെ സ്ലാബ് താഴ്ന്നിട്ടുണ്ട്. ഇതാണ് ഗതാഗതം നിര്‍ത്തി വച്ചിരിക്കുന്നത്. 4.20 മീറ്റര്‍ വീതിയുണ്ടായിരുന്ന പാലം ഏകദേശം 10 വര്‍ഷം മുമ്പ് മൂന്ന് മീറ്റര്‍ വീതം ഇരുവശങ്ങളിലും വീതി കൂട്ടി നിര്‍മിച്ചതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാലത്തിന്റെ അപകടാവസ്ഥ എംഎല്‍എ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ തന്നെ പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ പരിശോധനയ്ക്ക് നിയോഗിച്ചിരുന്നു. ഈ സംഘം സ്ഥലം സന്ദര്‍ശിച്ചു. മധ്യഭാഗത്തെ പഴയ പാലം അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്താന്‍ കഴിയാത്ത വിധം ബീമുകള്‍ക്ക് ഒടിവ് സംഭവിച്ചതിനാല്‍ പാലം അപകടാവസ്ഥയിലാണെന്നും പൂര്‍ണമായും പൊളിച്ച് പുനര്‍ നിര്‍മിക്കേണ്ടി വരുമെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്തതായി മന്ത്രി അറിയിച്ചു.