പത്തനംതിട്ട: അടൂർ വൈറ്റ് പോർട്ടിക്കോ ബാറിൽ പ്രവർത്തന സമയം കഴിഞ്ഞും മദ്യപിച്ച് ബഹളം വച്ച പ്രതികളെ പുറത്താക്കിയ വിരോധത്താൽ, സൂപ്പർവൈസറെയും ജീവനക്കാരായ രണ്ടുപേരെയും കഠിന ദേഹോപദ്രവമേൽപ്പിച്ച കേസിൽ 3 പ്രതികളെ അടൂർ പോലീസ് പിടികൂടി. 15-ഓളം പേരടങ്ങിയ സംഘം വടികളും മറ്റുമായി പെരിങ്ങനാട് വഞ്ചിമുക്ക് വച്ച് ഈമാസം 5 ന് രാത്രി 11.50 ന് ജോലി കഴിഞ്ഞ് ബൈക്കുകളിലും കാറിലുമായി വീടുകളിലേക്ക് പോകുകയായിരുന്ന സൂപ്പർവൈസർ ബൈജുവിനെയും മറ്റ് ജീവനക്കാരുമായ ധനേഷ്, ഗൗതം എന്നിവരെയും വടി കൊണ്ടും കൈകൊണ്ടും അടിച്ചു പരിക്കേൽപ്പിച്ചതായാണ് കേസ്.
ബിജുവിന്റെ വലതുകൈയിലെ രണ്ട് അസ്ഥികൾക്ക് ഒടിവ് സംഭവിച്ചിരുന്നു. പെരിങ്ങനാട് മുണ്ടപ്പള്ളി പാറക്കൂട്ടം സൂര്യാ ഭവനം വീട്ടിൽ സോമന്റെ മകൻ സൂരജ് എസ് ( 28), പാറക്കൂട്ടം കല്ലുവിളയിൽ വീട്ടിൽ പൊടിയന്റെ മകൻ ഭാസ്കരൻ (42), പാറക്കൂട്ടം ഷൈജു ഭവനം വീട്ടിൽ നിന്നും ആലപ്പുഴ ജില്ലയിൽ പാലമേൽ വില്ലേജിൽ പണയിൽ എന്ന സ്ഥലത്തുതാമസിക്കുന്ന ചെല്ലപ്പന്റെ മകൻ ഷൈജു സി ( 34) എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് അടൂർ ഡി.വൈ.എസ്.പി ആർ ബിനുവിന്റെ നിർദ്ദേശപ്രകാരം ഊർജ്ജിതമാക്കിയ അന്വേഷണത്തിൽ, വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതികളെ അടൂർ പോലീസ് ഇൻസ്പെക്ടർ പ്രജീഷ് റ്റി ഡിയുടെ നേതൃത്വത്തിലുള്ള സംഘം സാഹസികമായി പിടികൂടുകയായിരുന്നു. എസ് ഐ മനീഷ്.എം, സി പി ഒമാരായ രാജേഷ് ചെറിയാൻ, സൂരജ് ആർ കുറുപ്പ്, സുനിൽ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. ഒളിവിലുള്ള മറ്റു പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.