തിരുവനന്തപുരം: എ.ഐ ക്യാമറ വിവാദത്തില്‍ അന്വേഷണം നടക്കുന്നതിനാലാണ് മുഖ്യമന്ത്രി പ്രതികരിക്കാത്തതെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് എ കെ ബാലന്. എല്ലാ വിവാദങ്ങള്‍ക്കും മറുപടി പറയാനാകില്ല. നിയമപരമായി പറയേണ്ടതിന് അങ്ങനെ മറുപടി പറയും. റോഡിലെ ക്യാമറ വിവാദത്തില്‍ നിരന്തരമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ മനസ്സില്ലെന്നും എകെ ബാലന് പ്രതികരിച്ചു.
‘മുഖ്യമന്ത്രിക്കെതിരെ എന്തും പറയാമെന്ന നിലപാടാണ് പ്രതിപക്ഷത്തിനുള്ളത്. വീണ്ടും വീണ്ടും മുഖ്യമന്ത്രി മറുപടി പറയണമെങ്കില്‍ അതിന് മനസ്സില്ലെന്നാണ് അര്‍ത്ഥം. മുഖ്യമന്ത്രി മറുപടി പറഞ്ഞാല്‍ അന്വേഷണത്തില്‍ ഇടപെട്ടു എന്ന് പറയും. മിണ്ടിയില്ലെങ്കില്‍ പേടിച്ചിട്ട് മിണ്ടുന്നില്ലെന്ന് പറയും. ഓരോ ദിവസവും ഓരോന്ന് പറയിപ്പിക്കുകയാണ്.’ എ കെ ബാലന് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എത്രയോ കാലമായി മുഖ്യമന്ത്രിയുടെ കുടുംബത്തെക്കുറിച്ച് ആരോപണം ഉന്നയിക്കുന്നു. അതിനോടൊന്നും മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. കൊണ്ടുവന്ന ഏതെങ്കിലും ആരോപണങ്ങള്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായി തെളിയിക്കാന്‍ ഏതെങ്കിലും സംവിധാനത്തിന് സാധിച്ചിട്ടുണ്ടോയെന്നും എകെ ബാലന് ചോദിച്ചു.
മുഖ്യമന്ത്രി ലോണ്‍ എടുത്ത് ചെറിയ തുക മുടക്കി വീട്ടില്‍ ചില മാറ്റങ്ങള്‍ വരുത്തിയപ്പോള്‍ കുന്നംകുളത്തെ ഒരു പ്രമാണി കോടിക്കണക്ക് രൂപ ചെലവഴിട്ട പണിത വീട് സോഷ്യല്‍മീഡിയയില്‍ മുഖ്യമന്ത്രിയുടേതാക്കി പ്രചരിപ്പിച്ചില്ലേ. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിനെത്തിയ ഇ പി ജയരാജന്റെ ഭാര്യയുടെ തല മോര്‍ഫ് ചെയ്തെടുത്ത് സ്വപ്നാ സുരേഷിന്റെ തലവെച്ച് പ്രചാരണം നടത്തി. അതിനോടൊന്നും മുഖ്യമന്ത്രി പ്രതികരിച്ചില്ല. എല്ലാത്തിനോടും മറുപടി പറയണമെന്ന് പറഞ്ഞാല്‍ നടക്കില്ല. നിയമപരമായി മറുപടി നല്കേണ്ടിടത്ത് അത് ചെയ്യുന്നുണ്ടെന്നും എകെ ബാലന് വ്യക്തമാക്കി.