തിരുവനന്തപുരം : കെ സുധാകരനെതിരെ പൊലീസ് കെട്ടിച്ചമച്ച കേസ് കോടതിയില്‍ എത്തുമ്പോള്‍ തള്ളിപ്പോകുമെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി.അന്ന് പിണറായിയും ഗോവിന്ദൻ മാഷും വല്ലാതെ കഷ്ടപ്പെടേണ്ടി വരുമെന്നും ആന്റണി പറഞ്ഞു. പൊലീസ് കേസെടുത്താല്‍ തീരുമാനമെടുക്കുന്നത് പൊലീസല്ല, കോടതിയാണ്. കേസ് പൊലീസിന്റെ ഭാഗം മാത്രമാണ്. എന്നാല്‍ കോടതിയില്‍ വരുമ്പോള്‍ രണ്ടു ഭാഗം വരും. ക്രോസ് വിസ്താരം നടക്കും. പൊലീസ് കെട്ടിച്ചമച്ച കേസ് കോടതിയില്‍ വരുമ്പോള്‍ തള്ളിപ്പോവും. അന്ന് ഗോവിന്ദൻ മാഷും പിണറായിയും വല്ലാതെ കഷ്ടപ്പെടേണ്ടി വരുമെന്നും എ കെ ആന്റണി കൂട്ടിച്ചേര്‍ത്തു.
മോന്‍സനുമായി ബന്ധപ്പെട്ട വഞ്ചനക്കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട കെസുധാകരന് പൂര്‍ണ പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന് രംഗത്തെത്തി. കെപിസിസി പ്രസിഡന്റിനെതിരെ വ്യാജ കേസ് ഉണ്ടാക്കി അറസ്റ്റ് ചെയ്യുന്നു. അഴിമതിയില്‍ മുങ്ങി ചെളിയില്‍ പുരണ്ടു നില്‍ക്കുകയാണ് പിണറായി സര്‍ക്കാര്‍. അത് ഞങ്ങളുടെ മേല്‍ തെറിപ്പിക്കാന്‍ നോക്കേണ്ട. സര്‍ക്കാര്‍ നേരത്തെ മോണ്‍സന്റെ ഡ്രൈവരെ ചോദ്യം ചെയ്തിരുന്നു. അന്ന് ഇല്ലാത്ത മൊഴിയാണ് പുതിയ ഉദോഗസ്ഥനെ നിയമിച്ചപ്പോള്‍ കിട്ടിയത്. പരാതിക്കാര്‍ തെറ്റായ പശ്ചാത്തലം ഉള്ളവരാണ്. പരാതിക്കാരെ ഭീഷണിപ്പെടുത്തി തെറ്റായ മൊഴിയില്‍ സുധാകരനെതിരെ കേസ് എടുത്തു. ആര് മൊഴി നല്കിയാലും കേസ് എടുക്കുമോ? സ്വപ്നസുരേഷ് നല്കിയ മൊഴിയില്‍ കേസ് എടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു.