ന്യൂഡല്‍ഹി: ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ സുപ്രധാന ഇടപെടലുമായി സുപ്രീംകോടതി. ആധാര്‍ കാര്‍ഡിനെ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കാമെന്നാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. കരട് വോട്ടര്‍ പട്ടികയില്‍ ആക്ഷേപങ്ങള്‍ ഉന്നയിക്കാന്‍ ആധാര്‍ പരിഗണിക്കണമെന്നും ആധാര്‍ കാര്‍ഡിന്റെ ആധികാരികത തെരഞ്ഞെടുപ്പ് കമ്മീഷന് പരിശോധിക്കാമെന്നും സുപ്രീംകോടതി പറയുന്നു. ആധാര്‍ ഉപയോഗിക്കുന്നതിലെ നിയമത്തില്‍ വ്യക്തതയുണ്ട്. ഔദ്യോഗിക രേഖകളിലൊന്നാണ് ആധാര്‍. മേല്‍വിലാസത്തിനുളള രേഖയുമാണ്. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് ഐഡന്റിറ്റി രേഖയുമാണ് ആധാര്‍.

എന്നാല്‍ ആധാര്‍ നിയമം അനുസരിച്ച് പൗരത്വ രേഖയല്ല, കമ്മീഷന്‍ ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കണമെന്നും സുപ്രീംകോടതി ഇടക്കാല ഉത്തരവില്‍ പറയുന്നു. വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ ആധാറിനെ പന്ത്രണ്ടാമത്തെ രേഖയായി ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കുകയും ചെയ്തു.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആധാര്‍ പന്ത്രണ്ടാമത്തെ രേഖയായി ഉപയോഗിക്കുന്നതില്‍ എന്താണ് തടസമെന്ന് സുപ്രീം കോടതി ചോദിച്ചു. പൗരന്മാര്‍ക്ക് വോട്ടുചെയ്യാന്‍ അവസരമുണ്ടാകണം. വ്യാജരേഖകള്‍ ഉപയോഗിക്കുന്നുണ്ടോ എന്നേ കമ്മീഷന് പരിശോധിക്കാനാകു. വ്യാജ രേഖകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വോട്ടവകാശമുണ്ടാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേരളം ഉള്‍പ്പെടെയുളള അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസയച്ചു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരാഴ്ച്ചയ്ക്കകം മറുപടി നല്‍കണം. വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണവുായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ ഹര്‍ജികള്‍ ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് അടുത്ത തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.
2026 ജനുവര് 1 അടിസ്ഥാന യോഗ്യതാ തീയതിയായി കണക്കാക്കി രാജ്യവ്യാപകമായി വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം നടപ്പാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. സെപ്റ്റംബര്‍ പത്തിന് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. പൗരത്വം തെളിയിക്കുന്നതിനുളള രേഖകള്‍, ഒരു ബൂത്തിലെ വോട്ടര്‍മാരുടെ എണ്ണം 1200 ആയി പരിമിതപ്പെടുത്തല്‍, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ എന്നിവരുടെ നിയമനം, പരിശീലനം എന്നീ കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയാവുക.
