തിരുവനന്തപുരം: വർക്കലയ്ക്ക് പിന്നാലെ ആക്കുളത്തും വെട്ടിലായി ടൂറിസം വകുപ്പ്. ഉദ്ഘാടനത്തിന് മുൻപെ ആക്കുളത്തെ ചില്ല് പാലത്തിൽ പൊട്ടൽ കണ്ടെത്തി. കണ്ണാടിപ്പാലത്തിന്‍റെ മധ്യഭാഗത്താണ് വിള്ളൽ കണ്ടെത്തിയതിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീകാര്യം പൊലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. ശാസ്ത്രീയ പരിശോധന നടത്തണമെന്ന നിലപാടിലാണ് പൊലീസ്. സംഭവത്തിൽ ദൂരൂഹതയാരോപിച്ച് നിര്‍മ്മാണ ചുമതലയുണ്ടായിരുന്ന കമ്പനിയാണ് പൊലീസിൽ പരാതി നൽകിയത്.ബോധപൂർവ്വം പൊട്ടലുണ്ടാക്കിയതെന്ന് പരാതി. ആരോ മനപൂര്‍വ്വം കേടുപാട് വരുത്തിയതാണെന്നാണ് നിര്‍മ്മാണ കമ്പനിയുടെ ആക്ഷേപം. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയതിന് പിന്നാലെയാണ് ഗ്ലാസ് പൊട്ടിയത്. ഇതോടെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ ഗ്ലാസ് ബ്രിഡ്‍ജിൽ കയറാനായി ഇനിയും കാത്തിരിക്കേണ്ടി വരുമോ എന്നാണ് ആശങ്ക. രണ്ട് തവണയാണ് ഗ്ലാസ് ബ്രിഡ്ജിന്‍റെ ഉദ്ഘാടനം മാറ്റിവയ്ക്കേണ്ടി വന്നത്. മാസങ്ങൾക്ക് മുൻപ് നിർമാണം പൂർത്തിയാക്കിയതാണ് വിനോദ സഞ്ചാര വകുപ്പിന് കീഴിലെ ആദ്യത്തെ ഗ്ലാസ് ബ്രിഡ്ജ്.75 അടി ഉയരം, 52 മീറ്റർ നീളം. കൃത്രിമ മഞ്ഞും ചാറ്റൽ മഴയും വിര്‍ച്വല്‍ റിയാലിറ്റിയുടെ സഹായത്തോടെ പാലത്തില്‍ വിള്ളല്‍ വീഴുന്ന അനുഭവം. മാസങ്ങള്‍ക്ക് മുമ്പേ ഫുള്‍സെറ്റാണ് പാലം. ബ്രിഡ്ജ് തുറന്നു നല്‍കാന്‍ രണ്ടു തവണ തീരുമാനമെടുത്തു. ആദ്യം ഫെബ്രുവരിയിലും പിന്നീട് മാര്‍ച്ചിലും. അതിനിടയില്‍ വര്‍ക്കല ഫ്ളോട്ടിങ് ബ്രിഡ്ജ് അപകടമുണ്ടായതോടെ തീരുമാനം മാറ്റി. സുരക്ഷ പരിശോധനയ്ക്ക് ശേഷം മാത്രം തുറന്നു കൊടുത്താല്‍ മതിയെന്നായിരുന്നു തീരുമാനം.പരിശോധനകള്‍ക്കായി കോഴിക്കോട് എന്‍ഐടിയിലെ വിദഗ്ധ സംഘത്തെയും നിയോഗിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ കാത്തിരിപ്പ് വീണ്ടും നീണ്ടു. പാലം തുറന്നാല്‍ മനോഹരമായിരിക്കും കാഴ്ചയെന്നുറപ്പാണ്. ഈ കാണുന്ന ചില്ലുപാലത്തില്‍ നിന്നും ആക്കുളം കായലും പരിസരങ്ങളിലെ ഭൂപ്രകൃതിയും കാണാനും ആസ്വദിക്കാനും കഴിയും. അതിനിടെ പാലത്തിൻറെ നിർമ്മാണത്തിൽ തകരാറുണ്ടെന്ന ആരോപണവും ഉയരുന്നിരുന്നു.