ഡല്‍ഹി: ആംആദ്മി പാർട്ടിക്കുള്ളില്‍ നാടകീയ നീക്കങ്ങള്‍. മുഖ്യമന്ത്രിയുടെ പിഎ മർദ്ദിച്ചെന്ന് ആരോപിച്ച് എഎപി എംപി സ്വാതി മലിവാള്‍ പൊലീസിനെ സമീപിച്ചു.രേഖാമൂലം പരാതി കിട്ടിയിട്ടില്ലെന്നും സംഭവം അന്വേഷിക്കുകയാണെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കി.സംഭവം കെജ്രിവാളിനെതിരെ ബിജെപി ആയുധമാക്കി. ജാമ്യം കിട്ടി പുറത്തിറങ്ങിയ കെജ്രിവാള് ബിജെപിക്കതിരെ പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് പാർട്ടിക്കുള്ളില്‍ വിവാദം. മുഖ്യമന്ത്രിയെ കാണാൻ എത്തിയ തന്നെ കെജരിവാളിന്റെ പിഎ വൈഭവ് കുമാർ തല്ലിയെന്ന് പറഞ്ഞാണ് സ്വാതി പൊലീസ് സ്റ്റേഷനില്‍ വിളിച്ചത്. പിന്നാലെ സ്റ്റേഷനില്‍ എത്തിയ സ്വാതിയോട് മെഡിക്കല്‍ പരിശോധനക്ക് വിധേയമാകണമെന്ന് പൊലീസ് അറിയിച്ചു.
എന്നാല്‍, ഇതിന് സ്വാതി തയ്യാറായില്ലെന്നും പിന്നീട് പരാതി നല്‍കാമെന്ന് അറിയിച്ച് മടങ്ങിയെന്നുമാണ് പൊലീസ് വിശദീകരണം. കെജ്രിവാള് മറ്റൊരു യോഗത്തിലായതിനാല്‍ പിന്നീട് കാണമെന്ന് അറിയിച്ചതോടെ സ്വാതി മലിവാള്‍ ബഹളം വച്ചെന്നും വൈഭവ് കുമാർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും എഎപി വൃത്തങ്ങള്‍ പറയുന്നു. സംഭവം വലിയ ചർച്ചയായതോടെ കെജ്രിവാളിനെതിരെ ബിജെപി രംഗത്ത് എത്തി. എഎപിക്കുള്ളില്‍ സ്ത്രീകള്‍ സുരക്ഷിതയല്ലെന്നും ബിജെപി പ്രതികരിച്ചു. ആരോപണത്തില്‍ ഔദ്യോഗികമായി എഎപി പ്രതികരിച്ചിട്ടില്ല. കെജ്രിവാളിന്റെ അറസ്റ്റു ചെയ്ത സമയത്ത് അമേരിക്കയിലായിരുന്നു സ്വാതി പ്രതിഷേധങ്ങള്‍ക്കായി മടങ്ങി എത്താത്തത് നേരത്തെ ചർച്ചയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം തുടരുന്ന കെജ്രിവാള് ഇന്ന് പാർട്ടി കൗണ്‍സിലർമാരുടെ യോഗം വിളിച്ചു ചേർത്തു.