കോട്ടയം: ആം ആദ്മി പാർട്ടി സംസ്ഥാന കൗൺസിൽ യോഗം മാർച്ച് 9ന് കോട്ടയം ചിൽഡ്രൻസ് ലൈബ്രറിയിൽ നടക്കും. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിലും നിലവിലെ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിലും നിലപാടുകൾ സ്വീകരിക്കുന്നതിനായിട്ടാണ് യോഗം നടത്തുന്നത്. കേരളത്തിലെ 14 ജില്ലാ ഭാരവാഹികളും 140 മണ്ഡലം പ്രതിനിധികളും പാർട്ടിയുടെ വിവിധ പോഷക സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ജനക്ഷേമ മുന്നേറ്റം കഴിഞ്ഞ സെപ്റ്റംബറിൽ ദേശീയ സെക്രട്ടറി ഉദ്ഘാടനം ചെയ്തിരുന്നു. സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് സെലിൻ ഫിലിപ്പ്, സംസ്ഥാന സെക്രട്ടറി റെനി സ്റ്റീഫൻ, കോട്ടയം ജില്ലാ പ്രസിഡന്റ് ജോയ് തോമസ് ആനിത്തോട്ടം, നിയോജകമണ്ഡലം പ്രസിഡന്റ് കാപ്പിൽ തുളസീദാസ് എന്നിവരാണ് പത്രസമ്മേളനത്തിൽ പങ്കെടുത്തത്.