തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിലെ അപകടത്തിൽ വാദം ആവർത്തിച്ച് റെയിൽവേ. റെയിൽവേ മാലിന്യം തോടിലേക്ക് ഒഴുകി വിടുന്നില്ലെന്ന് റെയിൽവേ അധികൃതർ പറയുന്നു. ആമയിഞ്ചാൻ തോടിൽ റെയിൽവേ മാലിന്യം നിക്ഷേപിക്കുന്നില്ലെന്നും റെയിൽവേ പരിസരത്ത് തോടിലേക്ക് മാലിന്യം തള്ളാതിരിക്കാൻ ഫെൻസ് സ്ഥാപിച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു. ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ പ്രവർത്തിക്കിടെ തൊഴിലാളി മരിച്ചിരുന്നു. ഈ വിഷയത്തിൽ പരസ്പരം പഴിചാരി റെയിൽവേയും നഗരസഭയും മുന്നേറുന്നതിനിടെയാണ് വീണ്ടും വിശദീകരണവുമായി റെയിൽവേ എത്തുന്നത്.
അതിനിടെ, ടണലിലൂടെ വെള്ളത്തിന് ഒഴുകാൻ തടസമില്ലെന്നും മാലിന്യം നിറയുന്നതാണ് പ്രശ്നമെന്നും റെയിൽവേ എഞ്ചിനീയറിംഗ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. പവർഹൗസ് ഭാഗത്ത് ടണൽ അവസാനിച്ചതിന് ശേഷം കനാൽ ബെഡിന് ഉയരം കൂടുതലാണ്. ഇവിടെ വെള്ളം ഒഴുകി പോകാൻ പ്രയാസം ഉണ്ട്. അവിടെ മാലിന്യം കവിഞ്ഞു നിറയും. ടണലിൽ മണ്ണും മാലിന്യവും നിറയാൻ കാരണം ഇതാണ്. ഇത് പരിഹരിക്കാൻ നടപടി ഉണ്ടാവണമെന്നും എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. റെയിൽവേ എഞ്ചിനീയറിംഗ് വിഭാഗം ഡിവിഷണൽ റെയിൽവേ മാനേജർക്ക് റിപ്പോർട്ട് നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാലിന്യം തള്ളുന്നവരെ കണ്ടെത്തി പിഴ ഈടാക്കണം, കനാലിന് ഇരുവശവും ഫെൻസിംഗ് വേണം, സിസിടിവി ക്യാമറകൾ സ്ഥാപിക്കണം, ഖര മാലിന്യം ശേഖരിക്കാൻ നഗരത്തിൽ കേന്ദ്രം വേണമെന്നും റെയിൽവേ പറയുന്നു. റെയിൽവേ സ്റ്റേഷന് പരിസരത്തെ ടണലിലേക്ക് മാലിന്യം കയറാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നുവെന്നും റെയിൽവേ വ്യക്തമാക്കി.