തിരുവനന്തപുരം: തമ്പാനൂർ റെയില്‍വേ സ്റ്റേഷന് സമീപം ആമയിഴഞ്ചാന്‍ തോട്ടിലെ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് അടിയന്തര വൈദ്യസഹായം എത്തിക്കുന്നതിന് പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശാനുസരണമാണ് നടപടി. ഓക്സിജന്‍ സപ്പോര്‍ട്ട്, ബേസിക് ലൈഫ് സപ്പോര്‍ട്ട് തുടങ്ങിയ സംവിധാനങ്ങളുള്ള കനിവ് 108 ആംബുലന്‍സുകളും സജ്ജമാക്കും. വെള്ളത്തിലിറങ്ങുന്നവര്‍ക്ക് ഡോക്സിസൈക്ലിന്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ മരുന്നുകളും നല്‍കുമെന്ന് മന്ത്രി അറിയിച്ചു.
രക്ഷാപ്രവര്‍ത്തനത്തിനിടെ എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാല്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന് വിഭാഗത്തില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഐസിയു സംവിധാനം ഉള്‍പ്പെടെയുള്ളവ പ്രത്യേകമായി ക്രമീകരിച്ച് എമര്‍ജന്‍സി റെഡ് സോണ്‍ സജ്ജമാക്കി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജോയിക്കായി ഇന്ന് രാവിലെ ഏഴോടെയാണ് വീണ്ടും തെരച്ചില്‍ പുനരാരംഭിച്ചു. എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തിലാണ് രണ്ടാം ദിനത്തിലെ രക്ഷാദൗത്യം. ആദ്യം മാലിന്യം നീക്കം ചെയ്തതശേഷം മാൻഹോളിൽ ഇറങ്ങിയുള്ള തെരച്ചിലാണിപ്പോള്‍ നടക്കുന്നത്. മാലിന്യം നീക്കം ചെയ്യാൻ കൂടുതല്‍ റോബോട്ടുകള്‍ സ്ഥലത്തെത്തിച്ചിട്ടുണ്ട്. മുങ്ങല്‍ വിദഗ്ധര്‍ അടക്കമുള്ള 30 അംഗ എന്‍ഡിആര്‍എഫ് സംഘമാണ് രക്ഷാദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ഫയര്‍ഫോഴ്സ് സ്കൂബ ടീമും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.
ടണലില്‍ ചെളിയും മാലിന്യവും കുന്നുകൂടി കിടക്കുന്നുണ്ടെന്നും ഇത് നീക്കം ചെയ്യാനാണ് ശ്രമമെന്നും ചെളിയും മാലിന്യവുമുള്ളതിനാല്‍ തൊഴിലാളി അധികം മുന്നിലേക്ക് പോകാൻ സാധ്യതയില്ലെന്നും എന്‍ഡിആര്‍എഫ് ടീം കമാന്‍ഡര്‍ പ്രതീഷ് പറഞ്ഞു. റോബോട്ടിക് സംവിധാനം ഉപയോഗിച്ചും ഫയര്‍ഫോഴ്സിന്റെയും മറ്റും സഹായത്തോടെ സംയുക്തമായിട്ടായിരിക്കും മാലിന്യം നീക്കം ചെയ്യുകയെന്നും പ്രതീഷ് പറഞ്ഞു.