ഡൽഹി : മണിപ്പൂര്‍ വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധത്തിന് പിന്നാലെ ആംആദ്മി പാര്‍ട്ടി എം പി സഞ്ജയ് സിംഗിനെ രാജ്യസഭയില്‍ നിന്ന് സസ്പെന്റ് ചെയ്തു. മണ്‍സൂണ്‍ കാലസമ്മേളനം തീരുംവരെയാണ് സസ്പെന്ഷന്. മോശമായി പെരുമാറിയതിനാണ് സസ്പെന്റ് ചെയ്തതെന്ന് രാജ്യസഭാ ചെയര്മാന് ജഗ്ദീപ് ധന്‍കര്‍ അറിയിച്ചു. മണിപ്പൂര്‍ സംഭവത്തില്‍ സഞ്ജയ് സിങ് രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു.
പിയൂഷ് ഗോയലാണ് സഞ്ജയ് സിങിനെ സസ്പെന്‍ഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്. ഇത് ശബ്ദ വോട്ടെടുപ്പോടെ സഭ അംഗീകരിക്കുകയായിരുന്നു. സിങിനെ സസ്പന്‍ഡ് ചെയ്തതിന് പിന്നാലെയുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭ രണ്ടുമണിവരെ നിര്‍ത്തിവച്ചു. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി സഭയില്‍ പ്രസ്താവന നടത്തണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. സത്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയതിന് സഞ്ജയ് സിങിനെ സസ്പെന്‍ഡ് ചെയ്ത നടപടി ദൗര്‍ഭാഗ്യകരമാണെന്ന് ആം ആദ്മി നേതാക്കള്‍ പറഞ്ഞു.