റിയാദ്: വധശിക്ഷ ഒഴിവായി മോചനത്തിനുള്ള നടപടികൾ പൂർത്തിയാകുന്നതും കാത്ത് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയായ റഹീമിനെ സൗദിയിലെത്തിയ കുടുംബത്തിന് കാണാൻ കഴിഞ്ഞില്ല. റഹീം കുടുംബത്തെ കാണാൻ തയാറായില്ലെന്നാണ് പുറത്തു വരുന്ന വിവരം. നിയമ സഹായ സമിതിയെ അറിയിക്കാതെയാണ് കുടുംബം റഹീമിനെ കാണാനായി എത്തിയത്. ഇതിൽ നിയമ സഹായ സമിതിയും അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.
നന്ദി പറയുന്നതിന് പകരം നന്ദികേട് കാണിക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ ഇടപെടലെന്ന് ചെയർമാൻ സിപി മുസ്തഫ പ്രതികരിച്ചു. റഹീമിന്റെ കേസ് പരിഗണിക്കുന്നത് കോടതി ഈ മാസം 17ലേക്ക് മാറ്റിയിരുന്നു. റിയാദിലെ ജയിലിൽ കഴിയുകയാണ് കോഴിക്കോട് സ്വദേശിയായ അബ്ദുൽ റഹീം. റഹീമിനെ കാണാൻ മാതാവും സഹോദരനും അമ്മാവനുമാണ് സൗദി അറേബ്യയിലെത്തിയത്. റഹീമിനെ കാണണമെന്ന് ഉമ്മ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കുടുംബം യാത്ര തിരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് മാതാവ് ഫാത്തിമയും സഹോദരൻ നസീറും അമ്മാവനും റിയാദിലെത്തിയത്. റിയാദ് അൽ ഹൈർ ജയിലിൽ കഴിയുന്ന റഹീമിനെ കാണാനാണ് അവരെത്തിയത്. മക്കയിൽ പോയി ഉംറ നിർവഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങുമെന്നായിരുന്നു വിവരം. ജയിൽ മോചനം വൈകുന്ന സാഹചര്യത്തിലാണ് കുടുംബം സൗദിയിലേക്ക് തിരിച്ചത്.
റഹീമിന്റെ മോചന ഹര്‍ജി പരിഗണിക്കുന്നതിനുള്ള റിയാദ് ക്രിമിനൽ കോടതിയിലെ സിറ്റിങ് നവംബർ 17ന് നടക്കും. നവംബർ 21 ആയിരുന്നു നേരത്തെ കോടതി അറിയിച്ച തീയതി. പ്രതിഭാഗത്തിന്റെ അപേക്ഷ പ്രകാരമാണ് 17 ലേക്ക് മാറ്റിയത്.