കോഴിക്കോട് : 2006 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. നാട്ടിൽ നിന്നും സൗദിയിലേക്ക് ഒരു പാട് പ്രതീക്ഷയുമായി എത്തിയതായിരുന്നു അബ്ദുൽ റഹീം. സൗദിയിലെ ഒരു വീട്ടിൽ ഡ്രൈവറായി പ്രവാസം തുടങ്ങി. ഹൗസ് ഡ്രൈവറായി ജോലി തുടങ്ങിയ ആ മാസം തന്നെ റഹീമിന്റെ ജീവിതത്തെ മാറ്റി മറിച്ച ആ സംഭവമുണ്ടായി. വീട്ടിലെ സുഖമില്ലാത്ത മാനസിക ബുദ്ധിമുട്ടുകളുള്ള ഇളയ കുട്ടിയെ പുറത്ത് കൊണ്ട് പോവുകയും വരികയുമായിരുന്നു റഹീമിന്റെ ജോലി. മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു കുട്ടി ജീവിതം നിലനിർത്തിയിരുന്നത്.
അങ്ങനെ ഒരു ദിവസം പുറത്തേക്ക് കുട്ടിയുമായി പോകുമ്പോൾ സിഗ്നൽ കട്ട് ചെയ്യാനും വേഗതയിൽ ഓടിക്കാനും കുട്ടി റഹീമിനെ നിർബന്ധിക്കുന്നു. അത് ചെയ്യാത്തതിനാൽ റഹീമിനെ കുട്ടി പിന്നിൽ നിന്ന് മുഖത്തേയ്ക്ക് തുപ്പുകയും തലയിലടിക്കുകയും ചെയ്തു. തലയിൽ അടിക്കുന്നതും തുപ്പുന്നതും തുടർന്നപ്പോൾ സ്റ്റിയറിങ്ങിൽ കൈവെച്ച് കൊണ്ട് ഒരു കൈവെച്ച് റഹീം കുട്ടിയെ തടഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തടയുന്നതിനിടെ കുട്ടിയുടെ മെഡിക്കൽ ഉപകരണം ഊരിപോവുകയും വാഹനത്തിൽ വെച്ച് തന്നെ കുട്ടി മരണപ്പെടുകയും ചെയ്തു. അങ്ങനെയാണ് മനഃപൂർവമല്ലാത്ത തെറ്റിന് കൊലക്കുറ്റം ചുമത്തപ്പെട്ട് അദ്ദേഹം ജയിലിലാകുന്നത്. സൗദി കുടുംബം അദ്ദേഹത്തിന്റെ വധശിക്ഷയ്ക്ക് വേണ്ടി കോടതിയിൽ വാദിച്ചു. വാദപ്രതിവാദങ്ങൾക്കൊടുവിൽ കോടതി റഹീമിനെ വധശിക്ഷയ്ക്ക് തന്നെ വിധിച്ചു. ഈ 18 വർഷകാലം പല അപ്പീലുകൾക്ക് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
അവസാനം ഒരു കൂട്ടം സാമൂഹിക പ്രവർത്തകർ സൗദി കുടുംബവുമായി മധ്യസ്ഥ ശ്രമങ്ങൾ നടത്തുകയും ഒന്നര കോടി സൗദി റിയൽ ( അഥവാ 34 കോടി ഇന്ത്യൻ രൂപ ) നൽകിയാൽ റഹീമിന് മാപ്പ് കൊടുക്കാമെന്ന് പറയുകയും ചെയ്തു. എന്നാൽ ഇത്രയും വലിയ സംഖ്യ സമാഹരിക്കുക ക്ലേശകരമായിരുന്നു. ആ വലിയ ഉദ്യമമാണ് കേരളവും മലയാളിയും ഏറ്റെടുത്ത് ഇപ്പോൾ വിജയിപ്പിച്ചെടുത്തത്. അവസാന തിയ്യതിയായ ഏപ്രിൽ 15 ന് മൂന്ന് ദിവസം മുമ്പ് തന്നെ 34 കോടി സമാഹരിക്കൻ മലയാളികൾക്കായി എന്നത് മലയാളി മനസ്സിന്റെ കരുണയുടെയും ഐക്യത്തിന്റെയും പ്രതീകമായി എന്നും നിലനിൽക്കും.