കൊച്ചി : പിതാവിനെ കാണാനാകാതെ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മദനി ഇന്ന് ബംഗളൂരൂവിലേക്ക് മടങ്ങുന്നു. ജാമ്യ ഇളവ് അവസാനിച്ചതിനെ തുടർന്നാണ് മടക്കം. ജൂൺ 26നാണ് മദനി കേരളത്തിലെത്തിയത്.
ഇന്നു രാത്രി 9.30നുള്ള ഇൻഡിഗോ വിമാനത്തിലാകും മദനിയുടെ ബംഗളൂരുവിലേക്കുള്ള മടക്കം. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കർണാടക പൊലീസ് സംഘവും മടക്കയാത്രയില്‍ കൂടെയുണ്ടാകും.
ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാൻ 12 ദിവസത്തെ ഇളവിലാണ് അബ്ദുൽ നാസർ മദനി കേരളത്തിലെത്തിയത്. ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച് നാട്ടിലെത്തിയെങ്കിലും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന പിതാവിനെ ഇതുവരെ കാണാനായിട്ടില്ല. കൊച്ചിയിൽ നിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ജാമ്യ ഇളവ് ലഭിച്ച 11 ദിവസവും കൊച്ചിയിൽ ചികിത്സയിലായിരുന്നു. പിതാവിനെ കൊച്ചിയിൽ എത്തിക്കാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല.