കണ്ണൂർ: കേരള സ്റ്റോറി വിഷയത്തിൽ മുസ്ലിം പണ്ഡിതർക്കെതിരെ ബി ജെ പി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയുടെ വിമർശനം. ഈദ് ഗാഹിൽ നടത്തിയ പ്രസംഗത്തിൽ കേരള സ്റ്റോറി സിനിമക്ക് എതിരെ മതപണ്ഡിതർ മോശമായി പ്രസംഗിച്ചുവെന്നാണ് അബ്ദുള്ള കുട്ടി അഭിപ്രായപ്പെട്ടത്. പാളയം ഇമാമടക്കമുള്ളവർക്കെതിരെയാണ് അബ്ദുള്ളക്കുട്ടി വിമർശനം അഴിച്ചുവിട്ടത്. കേരള സ്റ്റോറിയെ വിമർശിച്ച പാളയം ഇമാം ഈ സിനിമ കണ്ടിട്ടുണ്ടോയെന്നാണ് അബ്ദുള്ളക്കുട്ടി ചോദിച്ചത്.
മത ചടങ്ങുകളിൽ ഇത്തരം പ്രസംഗങ്ങൾ നടത്തുന്നത് തെറ്റായ നടപടിയാണെന്നും ഈ സിനിമ മുസ്ലിം വിരുദ്ധമല്ലെന്നും ബി ജെ പി ദേശീയ ഉപാധ്യക്ഷൻ അഭിപ്രായപ്പെട്ടു. കേരള സ്റ്റോറി വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെയും അബ്ദുള്ളക്കുട്ടി വിമർശനം ഉന്നയിച്ചു. കേരള സ്റ്റോറി സിനിമയെ വർഗീയവത്കരിച്ച് മുസ്ലിം വികാരം ഉണർത്താൻ പറ്റുമോ എന്ന് നോക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യുന്നതെന്നാണ് ബി ജെ പി ദേശീയ ഉപാധ്യക്ഷൻ പറഞ്ഞത്.