ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കൊൽക്കത്ത മുൻ ഹൈക്കോടതി ജഡ്ജിയുടെ വിവാദ പരാമർശത്തിൽ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ്. ഗാന്ധിജിയെയും ഗോഡ്സെയും കുറിച്ച് അഭിജിത് ഗംഗോപാധ്യായ നടത്തിയ പരാമർശത്തിനെതിരെയാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. അദ്ദേഹത്തിന്‍റെ സ്ഥാനാർത്ഥിത്വം പിൻവലിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.
ഗാന്ധി, ഗോഡ്സെ- ഇവരിൽ നിന്ന് ഒരാളെ തെരഞ്ഞെടുക്കാൻ തനിക്ക് കഴിയില്ലെന്ന് അഭിജിത് ഗംഗോപാധ്യായ പറഞ്ഞതായി ഒരു ബംഗാളി ചാനലാണ് റിപ്പോർട്ട് ചെയ്തത്- “നിയമ രംഗത്ത് പ്രവർത്തിക്കുന്ന ഒരാളെന്ന നിലയിൽ, മറുവശം മനസ്സിലാക്കാൻ ഞാൻ ശ്രമിക്കണം. അദ്ദേഹത്തിൻ്റെ (നാഥുറാം ഗോഡ്‌സെ) രചനകൾ വായിക്കുകയും മഹാത്മാഗാന്ധിയെ കൊല്ലാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്താണെന്ന് മനസ്സിലാക്കുകയും വേണം. അതുവരെ ഗാന്ധി, ഗോഡ്സെ എന്നിവരിൽ നിന്ന് ഒരാളെ തെരഞ്ഞെടുക്കാൻ എനിക്ക് കഴിയില്ല”
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരാമർശം വിവാദമായതോടെ അഭിജിത് ഗംഗോപാധ്യായക്കെതിരെ കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് രംഗത്തെത്തി- “പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശീർവാദത്തോടെ, ബിജെപി സ്ഥാനാർത്ഥിയായി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി രാജിവച്ച കൽക്കട്ട ഹൈക്കോടതിയിലെ ജഡ്ജി ഇപ്പോൾ ഗാന്ധിയെയും ഗോഡ്‌സെയെയും തെരഞ്ഞെടുക്കാൻ കഴിയില്ലെന്ന് പറയുന്നത് ദയനീയമാണ്. ഇത് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. അദ്ദേഹത്തിന്‍റെ സ്ഥാനാർത്ഥിത്വം പിൻവലിക്കണം”.
പശ്ചിമ ബംഗാളിൽ ബിജെപി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 19 സ്ഥാനാർത്ഥികളിൽ അടുത്തിടെ ബിജെപിയിൽ ചേർന്ന ഗംഗോപാധ്യായയും ഉണ്ട്. പശ്ചിമ ബംഗാളിലെ താംലുക് മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. കൈകൂലി കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ സര്‍ക്കാറിനെ പ്രതികൂട്ടില്‍ നിര്‍ത്തിയ വിധി എഴുതിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വാര്‍ത്തകളില്‍ ഇടം നേടിയ ജഡ്ജിയാണ് ഇദ്ദേഹം. വിരമിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പാണ് അഭിജിത് സ്ഥാനമൊഴിഞ്ഞത്.
ജഡ്ജിയെന്ന നിലയിൽ തന്‍റെ ജോലി പൂർത്തിയാക്കിയെന്നും കൂടുതൽ ആളുകളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള മാര്‍ഗ്ഗം രാഷ്ട്രീയമാണെന്നും വ്യക്തമാക്കിയ അദ്ദേഹം ഇതാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള ശരിയായ സമയമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.