ചങ്ങനാശ്ശേരി: ടോറസ് ലോറി തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരൻ ലോറിയുടെ പിൻ ചക്രങ്ങൾ കയറിയിറങ്ങി മരിച്ചു. ചങ്ങനാശേരി എ.സി റോഡിലുണ്ടായ അപകടത്തിൽ മുട്ടാർ മിത്രക്കരി മണലിപ്പറമ്പിൽ കുഞ്ഞുമോൻ ആന്റണി (52) യാണ് മരിച്ചത്. എ.സി റോഡിൽ പാറയ്ക്കൽ കലുങ്കിൽ വച്ച് ടോറസ് ലോറി ഇടിച്ച കുഞ്ഞുമോൻ ഇതേ ലോറിയുടെ അടിയിലേയ്ക്ക് വീഴുകയായിരുന്നു. തല്ക്ഷണം മരണം സംഭവിച്ചു.
വെള്ളിയാഴ്ച്ച രാവിലെ 8.30-നായിരുന്നു ദാരുണമായ അപകടം. ചങ്ങനാശ്ശേരി നഗരത്തിലുള്ള ജുവലറിയിലെ സെയിൽസ്മാൻ ആയിരുന്നു കുഞ്ഞുമോൻ. രാവിലെ കടയിലേക്കു വരുന്നതിനായി വീട്ടിൽ നിന്നും ചങ്ങനാശ്ശേരിയിലേക്ക് വരുമ്പോഴായിരുന്നു അപകടം. കുഞ്ഞുമോന്റെ സ്കൂട്ടറിന് പിന്നിൽ അതേ ദിശയിൽ തന്നെ വരികയായിരുന്ന 10 വീലുകളുള്ള ടോറസ്സ് ലോറി തട്ടുകയായിരുന്നു. ലോറി തട്ടി അടിയിലേക്ക് വീണ കുഞ്ഞുമോന്റെ ശരീരത്തിലും തലയുടെ ഒരു ഭാഗത്തുംകൂടിയും ടോറസ്സിന്റെ ഇടതുപിൻഭാഗത്തെ ചക്രങ്ങൾ കയറിയിറങ്ങി.
ഉടൻ തന്നെ ഓടികൂടിയവർ കുഞ്ഞുമോനെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടോറസ്സ് ലോറി സാധനം ഇറക്കിയശേഷം ഗോഡൗണിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. ടോറസ്സ് ഓടിച്ചിരുന്നയാൾക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. സഹോദരങ്ങൾ: കുഞ്ഞുമോൾ, സുനി, ബിജുകുട്ടൻ, മാത്തുകുട്ടി. ചങ്ങനാശ്ശേരി പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം പിന്നീട്.