മണർകാട് നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
മണർകാട്: ബൈപ്പാസ് റോഡിൽ നിയന്ത്രണം നഷ്ടമായ കാർ കാൽനടയാത്രക്കാരനെ ഇടിച്ചു വീഴ്ത്തി. കാറിന്റെ ബോണറ്റിൽ കുടുങ്ങിയ യാത്രക്കാരനെയുമായി മീറ്ററുകളോളം മുന്നോട്ട് ഓടിയ കാർ മറ്റൊരു കാറിൽ ഇടിച്ചാണ് നിന്നത്. വാഴൂർ സ്വദേശി ചെങ്കിലാപ്പള്ളി ബിജുവിനെയാണ് കാർ ഇടിച്ചു വീഴ്ത്തിയത്. ഇയാളുടെ വാരിയെല്ലിന് ഒടിവുണ്ടായിട്ടുണ്ട്. മണർകാട് സെന്റ് മേരീസ് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി.
കാറിനുള്ളിലുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശികളായ വയോധിക ദമ്പതിമാർക്കും പരിക്കേറ്റിട്ടുണ്ട്. രണ്ടു പേരെയും മണർകാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ മണർകാട് വൺവേ ബൈപ്പാസ് റോഡിലായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും എത്തിയ കാർ, റോഡ് മുറിച്ച് കടക്കുകയായിരുന്ന കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ബോണറ്റിന്റെ മുന്നിലാണ് യാത്രക്കാരൻ വന്നു വീണത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബോണറ്റിൽ കുടുങ്ങിക്കിടന്ന യാത്രക്കാരനെയുമായി കാർ മീറ്ററുകളോളം മുന്നോട്ടു നീങ്ങി. ഈ സമയം അമിതമായ രക്ത സമ്മർദം അനുഭവപ്പെട്ട കാർ ഡ്രൈവറായ വയോധികന് അസ്വസ്ഥത അനുഭവപ്പെട്ടു. ഇതേ തുടർന്ന്, ഇദ്ദേഹത്തിന് വാഹനത്തിന്മേലുള്ള നിയന്ത്രണം നഷ്ടമാകുകയായിരുന്നു. കാറിന്റെ മുന്നിൽ പോകുകയായിരുന്ന മറ്റൊരു കാറിൽ ഇടിച്ചാണ് കാർ നിന്നത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പരിക്കേറ്റ കാൽനടയാത്രക്കാരനെയും, കാറിനുള്ളിലുണ്ടായിരുന്നവരെയും മണർകാട് സെന്റ് മേരീസ് ആശുപത്രിയിൽ എത്തിച്ചു.