കോട്ടയം: മൂവാറ്റുപുഴയിൽ നിയന്ത്രണം വിട്ട കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ചങ്ങനാശേരി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ചത്. അപകടത്തിൽ ചങ്ങനാശേരി നഗരസഭ മുൻ കൗൺസിലർ ടി.പി അനിൽകുമാറിന്റെ സഹോദരിയും വാഹനം ഓടിച്ചിരുന്ന ഡ്രൈവറും മരിച്ചു. അനിൽകുമാറിന്റെ സഹോദരി, കാർ ഓടിച്ചിരുന്ന ഡ്രൈവർ മുഹമ്മദ് ഇസ്മയിൽ എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന അനിൽകുമാറിനെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ എം.സി റോഡിൽ മൂവാറ്റുപുഴയിലായിരുന്നു സംഭവം. മൂവാറ്റുപുഴയിലേയ്ക്കു പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിൽ എതിർ ദിശയിൽ നിന്നും എത്തിയ ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.