കോട്ടയം: അപകടം വരാൻ അധികൃതർ കാത്തിരിക്കുകയാണോ..? എംസി റോഡിൽ നിരന്തര അപകട വേദിയായ നാലുവരിപ്പാതയിൽ അപകടഭീതി വർദ്ധിപ്പിച്ച് സിഗ്നൽ ലൈറ്റുകൾ മിഴിയടച്ചിട്ട് ആഴ്ചകൾ. എം സി റോഡിൽ കോട്ടയത്തിനും ചിങ്ങവനത്തിനും ഇടയിൽ ഏറ്റവും തിരക്കേറിയതും അപകട സാധ്യത ഏറിയതുമായ മണിപ്പുഴ ജംഗ്ഷനിലാണ് സിഗ്നൽ ലൈറ്റ് പണിമുടക്കിയിരിക്കുന്നത്.
മണിപ്പുഴ ജംഗ്ഷനിൽ മൂന്ന് സ്ഥലത്തു നിന്നുള്ള റോഡുകളാണ് വന്ന് സംഗമിക്കുന്നത്. ഈ ജംഗ്ഷനിൽ നിന്നാണ് നാട്ടകം ഗസ്റ്റ് ഹൗസിലേയ്ക്കും ഈരയിൽക്കടവ് റോഡിലേയ്ക്കും പുതുപ്പള്ളി പള്ളിയിലേയ്ക്കും അടക്കം പോകാൻ സാധിക്കുന്നത്. ഈ റോഡിൽ രാത്രിയും പകലുമില്ലാതെ വാഹനങ്ങളുടെ തിരക്കാണ്. എന്നാൽ, ഈ റോഡിലാണ് ഇപ്പോൾ ദിവസങ്ങളോളമായി സിഗ്നൽ ലൈറ്റുകൾ കണ്ണടച്ചു നിൽക്കുന്നത്. ഇത്തരത്തിൽ സിഗ്നൽ ലൈറ്റുകൾ ഇല്ലാത്തത് അപകട സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മണിപ്പുഴ റോഡിൽ നിന്നും എംസി റോഡിലേയ്ക്കു കടക്കുന്ന വാഹനങ്ങൾ പലപ്പോഴും ചിങ്ങവനം ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങൾ കാണാനാവാതെ പോകുന്നത് പതിവാണ്. ഇതാണ് അപകടത്തിന് കാരണമാകുന്നതും. ഈ അപകട സാധ്യത ഒഴിവാക്കാൻ ഈ റോഡിൽ സിഗ്നൽ ഉള്ളത് മൂലം സാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ സിഗ്നൽ തകരാറിലായത് അപകട സാധ്യത വർദ്ധിപ്പിക്കുന്നത്. ഇത് പ്രദേശത്തെ സാധാരണക്കാരായ ആളുകളിൽ ആശങ്കയും വർദ്ധിപ്പിച്ചിട്ടുണ്ട്.