ആലപ്പുഴ : മാന്നാർ സ്റ്റോർ ജംഗ്ഷനിലെ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ കാത്തിരുപ്പ് കേന്ദ്രത്തിന്റെ പി വി സി സീലിംഗ് അടർന്ന് വീണ് ഒരാൾക്ക് പരിക്കേറ്റു. പാണ്ടനാട് സ്വദേശി ഷിജുവിന് (32) ആണ് ദേഹത്തേക്ക് സീലിങ്ങിന്റെ ഭാഗം അടർന്ന് വീണ് പരിക്കേറ്റത് . കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർ കെട്ടിടത്തിന്റെ പുറത്ത് നിന്നിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ഇരുപത് വർഷത്തോളം പഴക്കമുള്ള പി വി സി സീലിങ്ങിന്റെ ഇളകി വീണ പല ഭാഗത്തും ഫ്ളക്സ് ബോർഡുകൾ കയറ്റി വെച്ചിരിക്കുകയായിരുന്നു. പ്രാവുകളുടെ വിഹാര കേന്ദ്രമായ സിലിങ്ങിന് മുകൾവശം കാഷ്ഠവും മറ്റു മാലിന്യങ്ങളും നിറഞ്ഞ നിലയിൽ ആയിരുന്നു. തുടർന്ന് സംഭവം അറിഞ്ഞ് എത്തിയ പഞ്ചായത്ത് പ്രതിനിധികൾ മാലിന്യങ്ങൾ നീക്കം ചെയ്ത് ബസ് കാത്തിരുപ്പ് കേന്ദ്രം ശുചീകരിച്ചു.