കോട്ടയം: വാഹനാപകടത്തിൽ പരിക്കേറ്റ് നാലുമാസമായി ചികിത്സയിലായിരുന്ന ഹോട്ടൽ റിസപ്ഷനിസ്റ്റായ യുവതി മരിച്ചു. കോട്ടയം നഗരത്തിലെ അർക്കാഡിയ ഹോട്ടൽ ജീവനക്കാരി സ്മിത വേണുവാണ് മരിച്ചത്. കഴിഞ്ഞ ജൂലായ് 21 ന് ഏറ്റുമാനൂർ ബൈപ്പാസിൽ കോണിക്കൽ ജംഗ്ഷനിലായിരുന്നു സ്‌കൂട്ടർ അപകടം. സ്മിത സഞ്ചരിച്ച സ്‌കൂട്ടറിനു മുകളിലൂടെ തടിലോറി കയറിയിറങ്ങുകയായിരുന്നു.
ഏറ്റുമാനൂർ ബൈപ്പാസ് റോഡിൽ നിന്നും കോട്ടയം ഭാഗത്തേയ്ക്കു പോരുകയായിരുന്നു സ്മിത. ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ ലോറി, സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ സ്‌കൂട്ടറിലൂടെ ലോറി കയറിയിറങ്ങി. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവർ നാലു മാസമായി ചികിത്സയിലായിരുന്നു. മൃതദേഹം കോട്ടയം ഹോട്ടൽ ആർക്കാഡിയയിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം പിന്നീട്.