വൈക്കം: സംസ്ഥാന സര്‍ക്കാരിന്റെ ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയില്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തീകരിച്ച ഉദയനാപുരം പഞ്ചായത്തിലെ അക്കരപ്പാടം ടര്‍ഫ് സ്റ്റേഡിയം വൈക്കത്തെ വിദ്യാർഥികൾക്കും കായികപ്രേമികളായ യുവാക്കൾക്കും മുതൽക്കൂട്ടാകും. വൈക്കത്തെ പിന്നോക്ക പ്രദേശമായ അക്കരപ്പാടത്ത് സ്റ്റേഡിയം യാഥാർഥ്യമായത് പ്രദേശത്തിൻ്റെ വികസനത്തിനും ആക്കംകൂട്ടും. അക്കരപ്പാടം ഗവണ്മെൻ്റ് യുപി സ്കൂളിനും ക്ഷേത്രത്തിനും സമീപത്ത് സജ്ജമായ സ്റ്റേഡിയം ഇതിനകം നാടിൻ്റെ ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു.
ഉദയനാപുരം പഞ്ചായത്തിലേയും സമീപപ്രദേശങ്ങളിലേയും കായികപ്രേമികൾക്ക് വിവിധ കളികളിൽ പരിശീലനം നടത്താനാകുന്നതിനൊപ്പം വിവിധ മത്സരങ്ങൾക്ക് സ്റ്റേഡിയം വേദിയാകും. അക്കരപ്പാടം ടർഫ്സ്റ്റേഡിയം നാളെ മന്ത്രി വി. അബ്ദുറഹ്‌മാന്‍ നാടിനു സമർപ്പിക്കും. കായിക വകുപ്പിന്റെ 50 ലക്ഷം രൂപയും എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നുള്ള 60 ലക്ഷം രൂപ അടക്കം 1.10 കോടി രൂപ വിനിയോഗിച്ചാണ് സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തീകരിച്ചത്. അക്കരപ്പാടം ഗവൺമെൻ്റ് യു.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന സമ്മേളനതിൽ സി.കെ. ആശ എംഎല്‍എ അധ്യക്ഷത വഹിക്കും.