ആലപ്പുഴ: സംസ്ഥാന സര്‍ക്കാറിന്‍റെ മുഖ്യ വികസന പദ്ധതികളില്‍ ഒന്നായ എ.സി (ആലപ്പുഴ- ചങ്ങനാശ്ശേരി) റോഡിന്റെ നിര്‍മാണപ്രവര്‍ത്തികള്‍ വിലയിരുത്താൻ ലോകബാങ്ക് സംഘം എത്തി. വലിയ അടിസ്ഥാന സൗകര്യവികസനം നടക്കുമ്പോള്‍ ജനങ്ങളുടെ അനുഭവങ്ങളും കൂടി പരിഗണിക്കണമെന്നതാണ് ലോക ബാങ്കിന്റെ പുതിയ കാഴ്ച്ചപാട്. ഇവിടെയുള്ള ജനങ്ങളില്‍നിന്നും തൊഴിലാളികളില്‍നിന്നും ഇത് അറിയാന്‍ കഴിഞ്ഞു. ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഉള്‍പ്പടെ ഇത്തരം വികസനപദ്ധതികള്‍ നടക്കുമ്പോള്‍ ഈസന്ദര്‍ശനത്തിന്റെ അനുഭവം കൂടി പരിഗണിക്കുമെന്ന് സംഘത്തലവനായ ലോകബാങ്ക് സൗത്ത് ഏഷ്യന്‍ വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ റെയ്സര്‍ പറഞ്ഞു.
റീബില്‍ഡ് കേരളയുടെ കീഴില്‍ കെ.എസ്.ടി.പി.യും യു.എല്‍.സി.സി.യും ചേര്‍ന്ന് നിർമിക്കുന്ന എ.സി റോഡിന്റെ പുനര്‍നിര്‍മാണം വിലയിരുത്താനാണ് സംഘം എത്തിയത്. മാര്‍ട്ടിന്‍ റെയ്സര്‍, ഇന്ത്യയിലെ വേള്‍ഡ് ബാങ്ക് പ്രതിനിധി അഗസ്റ്റിറ്റാനോ കൊയ്മെ എന്നിവരടങ്ങുന്ന സംഘത്തോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകളുടെ തലവന്മാരും ഉണ്ടായിരുന്നു. 2018ലെ പ്രളയത്തിനുശേഷം സംസ്ഥാനസര്‍ക്കാറിന്‍റെ റീബില്‍ഡ് കേരള വഴി അനുവദിച്ച 649.76 കോടി വിനിയോഗിച്ചാണ് എ.സി റോഡിന്റെ നിർമാണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ സാമൂഹികസാധ്യതകളും വേള്‍ഡ് ബാങ്ക് സംഘം വിലയിരുത്തി. ആലപ്പുഴ-ചങ്ങനാശ്ശേരി എലിവേറ്റഡ് ഹൈവേയുടെ വിവിധഭാഗങ്ങളിലെ ക്രോസ് ഡ്രൈനേജ് സിസ്റ്റവും കള്‍വെര്‍ട്ടുകളും സംബന്ധിച്ച വിവരങ്ങളും സംഘം പരിശോധിച്ചു. റോഡിന്റെ ഇരുവശങ്ങളിലുമുള്ള നെല്‍കൃഷി സംബന്ധിച്ചും അവിടേക്ക് കൃഷിക്ക് ആവശ്യമായ വെള്ളം എത്തിക്കുന്നതിന് വിവിധയിടങ്ങളില്‍ നിര്‍മിച്ച ഷട്ടറുകളും നിർമാണപ്രവര്‍ത്തികളും സംഘം ചോദിച്ചറിഞ്ഞു. വ്യാഴാഴ്ച രാവിലെ 11ന് ആലപ്പുഴയിലെത്തിയ സംഘം പ്രാഥമിക യോഗം ചേര്‍ന്ന് റോഡിന്റെ പുരോഗതി സംബന്ധിച്ച് ഉദ്യോഗസ്ഥരില്‍നിന്നും വിവരങ്ങള്‍ തേടി. തുടര്‍ന്നായിരുന്നു എ.സി റോഡ് സന്ദര്‍ശനം.
ചങ്ങനാശ്ശേരി പെരുന്നയിലെ യാര്‍ഡ് സന്ദർശിച്ച് തൊഴിലാളികളുമായി സംസാരിച്ചു. സംഘാംഗങ്ങളായ സുദീപ് മജുംദര്‍, അര്‍ണബ് ബാണ്ട്യോപാധ്യായ, നടാലിയ കുലിചെന്‍കോ, ദീപക് സിങ്, അതുല്‍ ഖുരാന, കുമുദിനി ചൗധരി, ഇന്ദ്രാനില്‍ ബോസ്, സ്വാതി പിള്ള എന്നിവരും സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളായ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ഡെപ്യൂട്ടി സി.ഇ.ഒ. മുഹമ്മദ് വൈ. സഫീറുള്ള, കെ.എസ്.ടി.പി. പ്രോജക്ട് ഡയറക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് അഡീഷനല്‍ സെക്രട്ടറി കെ. സുനില്‍ കുമാര്‍, കെ.എസ്.ടി.പി. ചീഫ് എന്‍ജിനീയര്‍ കെ.എഫ്. ലിസി, സൂപ്രണ്ടിങ് എൻജിനീയര്‍ ബിന്ദു എൻ.യു.എല്‍.സി.സി. ഡയറക്ടര്‍ എം.എം. സുരേന്ദ്രന്‍, ചീഫ് പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ ടി.കെ. കിഷോര്‍കുമാര്‍,ജനറല്‍ മാനേജര്‍ പി. ഷൈനു എന്നിവരും ഒപ്പമുണ്ടായിരുന്നു.