തിരുവനന്തപുരം: അനധികൃതമായി ജോലിക്ക് ഹാജരാകാത്ത മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി. ഹാജരാകാത്ത കാലയളവടക്കം ഉള്‍പ്പെടുത്തിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. അടുത്ത 15 ദിവസത്തിനകം ഇവരെ സർവീസില്‍ നിന്ന് പിരിച്ചുവിടും. 2023 ഒക്ടോബർ വരെ ജോലിക്ക് ഹാജരാക്കത്തവരുടെ പട്ടികയാണ് പുറത്തുവിട്ടത്. ആരോഗ്യവകുപ്പില്‍ ഡോക്ടർമാരുള്‍പ്പെടെ ഏകദേശം രണ്ടായിരത്തോളം ജീവനക്കാർ ഇങ്ങനെ അനധികൃതമായി വിട്ടുനില്‍ക്കുന്നുണ്ടെന്നാണ് കണക്ക്.
ഡോക്ടർ ഇതര ജീവനക്കാർക്കെതിരെയും നടപടിയുണ്ടാകും. ആരോഗ്യ ഡയറക്ടേറ്റിന് കീഴിലെ 385 ഡോക്ടർമാരുള്‍പ്പെടെ 432 ജീവനക്കാരെ സർക്കാർ നേരത്തെ പിരിച്ചുവിട്ടിരുന്നു. അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ഡോക്ടർമാർ ഒരുമാസത്തിനകം സർവീസില്‍ കയറണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, നോട്ടീസ് ലഭിച്ചിട്ടും ജോലിക്ക് ഹാജരാകാൻ പലരും തയ്യാറായില്ല. പിന്നാലെയാണ് നടപടിയെടുക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. പട്ടികയിലുള്ള മിക്ക ഡോക്ടർമാരും ഉയർന്ന ശമ്ബളത്തില്‍ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവരോ വിദേശത്ത് പോയവരോ ആണ്. ഇവർ വിരമിക്കുന്നതിന് തൊട്ടുമുമ്പെത്തി ജോലിയില്‍ പ്രവേശിച്ച് പെൻഷൻ അടക്കമുള്ള ആനുകൂല്യം നേടിയെടുക്കുന്ന പ്രവണത തടയാനും കൂടിയാണ് സർക്കാർ നടപടിയെടുത്തത്.