കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനുമെതിരെ കേസ്. നടിയും അഭിഭാഷകനും ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി എന്ന് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ അഭിഭാഷകൻ സംഗീത് ലൂയിസിനെ രണ്ടാം പ്രതിയാക്കിയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ആലുവ സ്വദേശിയായ നടി യൂട്യൂബിലും ഫേസ്ബുക്കിലും അശ്ലീല പരാമർശം നടത്തിയെന്നാണ് ബാലചന്ദ്രമേനോന്റെ പരാതി. ബാലചന്ദ്രമേനോന്റെ ചിത്രങ്ങൾ പ്രതികൾ ദുരുപയോഗം ചെയ്‌തെന്ന് പൊലീസ് പറയുന്നു. നടിയുടെ അഭിമുഖം അപ്‌ലോഡ് ചെയ്ത യൂട്യൂബ് ചാനലുകൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കേസില്‍ നടിയെ ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബാലചന്ദ്രമേനോനെതിരെ കഴിഞ്ഞ ദിവസം ലൈംഗീക പീഡന പരാതി ഉയര്‍ന്നിരുന്നു. ദേ ഇങ്ങോട്ട് നോക്ക്യേ എന്ന സിനിമ ഷൂട്ടിനിടെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. മുകേഷ് അടക്കം നടന്മാർക്കെതിരെ പരാതി നൽകിയ ആലുവ സ്വദേശിനിയായ നടിയാണ് ബാലചന്ദ്ര മേനോനെതിരെയും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ പരാതി നൽകിയത്.
ആരോപണം അടിസ്ഥാന രഹിതമാണെന്നും പരാതിക്കാരിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബാലചന്ദ്ര മേനോൻ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂട്യൂബിലൂടെ അപകീർത്തിപരമായി സംസാരിച്ചെന്ന് കാട്ടി ബാലചന്ദ്ര മേനോൻ പരാതി നല്‍കിയത്.
2007 ജനുവരിയിൽ തിരുവനന്തപുരത്തെ ഹോട്ടൽ വച്ച് മുറിയിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.
ഗ്രൂപ്പ് സെക്സിന് നിർബന്ധിച്ചു, ഹോട്ടൽ മുറിയിൽ കയറി വന്ന് ലൈംഗീക അതിക്രമം നടത്തിയെന്നും പരാതിയിലുണ്ട്. പുറത്ത് പറഞ്ഞാൽ ചിത്രീകരിച്ച സിനിമാ രംഗങ്ങൾ ഒഴിവാക്കുമെന്നും ഭീഷണിപ്പെടുത്തി. ഭയന്നാണ് പരാതി നൽകാൻ ഇതുവരെ തയ്യാറാകാതിരുന്നതെന്നാണ് നടിയുടെ വിശദീകരണം. നേരത്തെ മുകേഷടക്കം 7 പേർക്കെതിരെ ഇവർ പരാതി നൽകിയിരുന്നു.