കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് ഇന്ന് പ്രതിഭാഗത്തിന്റെ വാദം കേള്‍ക്കും. പ്രോസിക്യൂഷന്റെ വാദം നേരത്തെ പൂര്‍ത്തിയായിട്ടുണ്ട്.ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ ആക്ഷേപം. എട്ടാം പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ അപേക്ഷയില്‍ പ്രൊസിക്യൂഷന് ഹാജരാക്കിയ തെളിവുകള്‍ക്ക് ആധികാരികതയില്ല എന്നായിരുന്നു വിചാരണ കോടതിയുടെ വിധി.
അതേസമയം അപേക്ഷയില്‍ തെളിവുകള്‍ പരിശോധിക്കാതെയാണ് വിചാരണ കോടതി തീരുമാനമെടുത്തതെന്നാണ് ക്രൈം ബ്രാഞ്ച് ചൂണ്ടിക്കാണിക്കുന്ന ആക്ഷേപം.ശബ്ദ സന്ദേശങ്ങള്‍ സംബന്ധിച്ച് പ്രോസിക്യൂഷന് ഹാജരാക്കിയ തെളിവ് കോടതി പരിഗണിച്ചില്ല. ഹര്‍ജി തള്ളിയ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധി നിയമ വിരുദ്ധമാണെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിലപാട്.ഈ സാഹചര്യത്തില്‍ വിചാരണ കോടതി വിധി റദ്ദാക്കണമെന്നും ദീലീപിന്റെ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.