കൊച്ചി: താരസംഘടന അമ്മയുടെ നേതൃനിരയിലേക്ക് എത്തിയേക്കുമെന്ന നിലയില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് കുഞ്ചാക്കോ ബോബൻ. സംഘടനയുടെ നേതൃത്വത്തിലേക്ക് വരാൻ ഇപ്പോള്‍ ആലോചനയില്ലെന്ന് കുഞ്ചാക്കോ ബോബൻ പ്രതികരിച്ചു. ഇക്കാര്യത്തെ കുറിച്ച് നിലവില്‍ ആലോചനയില്ല. ഔദ്യോഗികമായി സംഘടനയില്‍ അത്തരമൊരു ചർച്ചയും ഉണ്ടായിട്ടില്ല. സംഘടനയുടെ പേര് തന്നെ അമ്മ എന്നാണ്. ആ പേര് അന്വർത്ഥമാക്കുന്ന പ്രവർത്തനങ്ങള്‍ നടത്തുന്ന പുരോഗമനപരമായ തീരുമാനങ്ങളെടുക്കുന്ന സംഘടനായി അമ്മ തിരിച്ച് ശക്തമായി വരണമെന്ന് ആഗ്രഹിക്കുന്നുണ്ട്.
സംഘടന ശക്തമായി തിരിച്ചുവരുമെന്ന കാര്യത്തില്‍ സംശയമില്ല. സിനിമക്ക് സംഘടന ആവശ്യമാണെന്നും കുഞ്ചാക്കോ ബോബൻ അഭിപ്രായപ്പെട്ടു. പുതിയ ചിത്രം ബോഗെയ്ൻവില്ലയുടെ പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു നടൻ. സിനിമയില്‍ മാത്രമല്ല, ഒരു ജോലി സ്ഥലത്തും സ്ത്രീ അബലയാണെന്ന് തോന്നിയിട്ടില്ലെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടുണ്ടാക്കുന്ന നല്ല മാറ്റങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് നടി ജ്യോതിർമയിയും പ്രതികരിച്ചു. തന്‍റെ പ്രൊഡക്ഷൻ കമ്ബനിയില്‍ പ്രവർത്തിക്കുന്ന സ്ത്രീകള്‍ക്ക് അഭിപ്രായ സ്വാതന്ത്രവും തീരുമാനങ്ങളെടുക്കാനുള്ള ആർജവവുമുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിനിമ സെറ്റുകളെ പൊതുവായി വിലയിരുത്താനാകില്ല, ഓരോ സിനിമ സെറ്റും വ്യത്യസ്തമാണെന്നും ജ്യോതിർമയി ചൂണ്ടിക്കാട്ടുന്നു. പതിനൊന്ന് വർഷത്തെ ഇടവേളക്ക് ശേഷം അഭിനയിക്കുന്ന ബോഗെയ്ൻവില്ലയുടെ നിർമാണത്തിലും ജ്യോതിർമയി പങ്കാളിയാണ്. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം വ്യാഴാഴ്ച തീയേറ്ററുകളിലെത്തും. വ്യത്യസ്തയുടെ പുതുമയുമായെത്തിയ ട്രെയിലറും പാട്ടുമെല്ലാം ഇതിനകം സിനിമാപ്രേമികളുടെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.