കൊച്ചി : ഓൺലൈൻ മാധ്യമപ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിക്ക് ഏർപ്പെടുത്തിയ വിലക്ക് സിനിമാ സംഘടന പിൻവലിച്ചു. സിനിമ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ വിലക്കാണ് പിൻവലിച്ചത്. രണ്ട് മാസം മുൻപാണ് ഓൺലൈൻ മാധ്യമപ്രവർത്തകയെ അഭിമുഖത്തിനിടെ അപമാനിച്ചതിന് നടനെ സംഘടന ജോലിയിൽ നിന്നും വിലക്കിയത്. ഈ കേസ് പിന്നീട് ഒത്തുതീർപ്പായിരുന്നെങ്കിലും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ വിലക്ക് തുടരുകയായിരുന്നു.
കൊച്ചിയിൽ ഒരു സിനിമാ പ്രമോഷൻ അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അസഭ്യം പറഞ്ഞെന്നായിരുന്നു അവതാരകയായ പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. മരട് പൊലീസ് കേസെടുത്ത് അന്വേഷണവുമായി മുന്നോട്ട് പോയെങ്കിലും പിന്നീട് കേസിൽ ഒത്തുതീർപ്പായി. പെൺകുട്ടി പരാതി പിൻവലിച്ചതോടെ കേസ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിർമാതാക്കളുടെ സംഘടനയ്ക്ക് അവതാരക പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നടനെ താത്കാലികമായി സിനിമ രംഗത്ത് നിന്ന് മാറ്റിനിർത്താൻ തീരുമാനിച്ചിരുന്നു. കേസ് ഒത്തുതീർപ്പായെങ്കിലും വിലക്കിയ നടപടിയിൽ ഉടൻ പുനരാലോചനയില്ലെന്നായിരുന്നു അന്ന് തന്നെ നിർമാതാക്കളുടെ സംഘടന അറിയിച്ചത്. വിലക്കിനെ എതിര്‍ത്ത് നേരത്തെ മമ്മൂട്ടിയടക്കം രംഗത്തെത്തിയിരുന്നു. എന്നാൽ നടപടി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പിൻവലിച്ചില്ല. രണ്ട് മാസങ്ങൾക്ക് ശേഷമാണ് വിലക്ക് പിൻവലിച്ചത്.