കൊച്ചി : കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തിരുവനന്തപുരം രൂപതയിലെ വൈദികന്റെ മൊഴിയെടുക്കാനൊരുങ്ങി അന്വേഷണസംഘം. മൊഴിയെടുക്കുന്നതിനായി ആലുവ പൊലീസ് ക്ലബ്ബില്‍ എത്തണമെന്ന് ഫാദര്‍ വിക്ടറിനോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. ദിലീപിന് ജാമ്യം ലഭിക്കാന്‍ നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ടു എന്ന സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തിരുവനന്തപുരം രൂപതയിലെ വൈദികനാണ് ഫാദര്‍ വിക്ടര്‍. ഇദ്ദേഹവും ദിലീപും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടെന്നാണ് ആരോപണം. ദിലീപുമായി വര്‍ഷങ്ങളായി വൈദികന് പരിചയമുണ്ട്. ദിലീപിന് ജാമ്യം ലഭിച്ചശേഷം ഫാദര്‍ വിക്ടര്‍ നേരിട്ട് കണ്ടിരുന്നു. ഫാദര്‍ വിക്ടര്‍ മുഖേനയാണ് ബാലചന്ദ്രകുമാര്‍ പണം കൈപ്പറ്റിയതെന്ന് ദിലീപ് ആരോപിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെ, ദിലീപിന് ജാമ്യം ലഭിക്കാന്‍ നെയ്യാറ്റിന്‍കര ആര്‍ച്ച് ബിഷപ്പിന്റെ ഓഫീസില്‍ നിന്നും ഇടപെട്ടിരുന്നു എന്ന് സംവിധാകന് ബാലചന്ദ്രകുമാര്‍ ആരോപിച്ചിരുന്നു. ഇക്കാര്യത്തില്‍ ബിഷപ്പില്‍ നിന്നും മൊഴിയെടുക്കാനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്.
ചുമതലയില്‍ നിന്ന് താന്‍ മാറിയാലും അന്വേഷണം ഊര്‍ജ്ജിതമായി തന്നെ മുന്നോട്ടുപോകുമെന്ന് ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എഡിജിപി എസ് ശ്രീജിത്ത് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കേസന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന ശ്രീജിത്തിനെ ഗതാഗത കമ്മീഷണറായാണ് മാറ്റി നിയമിച്ചത്.