എറണാകുളം: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി എട്ടാം പ്രതിയായ നടന് ദിലീപിന് അയച്ച കത്തിന്റെ ഒറിജിനല്‍ കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച്. കത്തിന്റെ ആധികാരികത ഉറപ്പാക്കാന്‍ പള്‍സര്‍ സുനിയുടെ കൈയ്യക്ഷരത്തിന്റെ സാമ്പിള്‍ ശേഖരിച്ചു. ഇന്നലെ ജയിലില്‍ എത്തിയാണ് അന്വേഷണ സംഘം സാമ്പിള്‍ ശേഖരിച്ചത്. ഈ സാംപിള്‍ ഉടന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.
സുനിയുടെ സഹതടവുകാരന് കുന്നംകുളം സ്വദേശി സജിത്തിന്റെ വീട്ടില്‍നിന്നാണ് കത്ത് കണ്ടെത്തിയത്. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയ്ക്ക് പിന്നില്‍ ദിലീപ് എന്നാണ് കത്തിലെ ആരോപണം. 2018 മെയ് 7 നായിരുന്നു സുനി ജയിലില്‍ നിന്ന് പള്‍സര്‍ സുനി കത്ത് എഴുതിയത്. ചെയ്ത തെറ്റ് ഏറ്റു പറഞ്ഞ് കോടതിയില്‍ മാപ്പിരക്കും എന്നായിരുന്നു കത്തില്‍ ഉണ്ടായത്. ദിലീപിന്റെ അഭിഭാഷകന് സജിത്തില്‍ നിന്ന് കത്ത് വാങ്ങുകയും ദിവസങ്ങള്‍ കഴിഞ്ഞു തിരിച്ചു നല്‍കുകയും ചെയ്യുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേസില്‍ തനിക്കെതിരെ ഗൂഢാലോചനയുണ്ടായെന്നാണ് ദിലീപിന്റെ വാദം. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ആലുവ പൊലീസ് ക്ലബില്‍ വച്ച് ദിലീപിനെ രണ്ടു ദിവസം ചോദ്യം ചെയ്തിരുന്നു. സംവിധായകന് പി. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടാണ് കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി അനുമതി നല്‍കിയത്.