കാഞ്ഞിരപ്പള്ളി: നിർമ്മാണത്തിലിരുന്ന വീടുകൾ കേന്ദ്രീകരിച്ചു മോഷണം നടത്തിയ മൂന്നംഗ സംഘത്തിലെ രണ്ടാമനും പൊലീസ് പിടിയിലായി. കാഞ്ഞിരപ്പള്ളി പാറക്കടവ് സ്വദേശി സനോജ് സലിമിനെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ കീഴടങ്ങിയ പ്രതിയെ പൊലീസ് സംഘം കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു. സംഭവത്തിൽ മോഷണ സംഘത്തിനൊപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത യുവാവിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ കേസിലെ പ്രതികളിൽ ഒരാളായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
രണ്ടാഴ്ച മുൻപാണ് കാഞ്ഞിരപ്പള്ളിയിൽ കപ്പാട് നെല്ലിയാനിയിൽ ജോജി സെബാസ്റ്റിയൻ, മൂന്നാംമൈൽ വട്ടവേലിൽ ജോസഫ് ജോസഫ് എന്നിവരുടെ നിർമ്മാണത്തിലിരുന്ന വീടുകളിൽ മോഷണം നടന്നത്. ഇവരുടെ വീടുകളിൽ നിന്നും നിർമ്മാണ സാമഗ്രികളും, വയറിങ് ഉപകരണങ്ങളും മോഷ്ടിച്ചു കടത്തുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവിടെ എത്തിയ ഓട്ടോറിക്ഷയിലാണ് പ്രതികൾ മോഷണം നടത്തിയിരുന്നതെന്നു കണ്ടെത്തിയിരുന്നു. ഇതേ തുടർന്നു പൊലീസ് സംഘം സിസിടിവി ക്യാമറകൾ അടക്കം പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് കേസിലെ ഒരു പ്രതിയെ ഒരാഴ്ച മുൻപ് പൊലീസ് പിടികൂടിയിരുന്നു. ഈ കേസിലെ തുടർ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോൾ മറ്റൊരു പ്രതി കോടതിയിൽ കീഴടങ്ങിയിരിക്കുന്നത്. പ്രതികളെ ചോദ്യം ചെയ്ത് തൊണ്ടി മുതൽ കണ്ടെത്തുന്നതിനു വേണ്ടിയാണ് ഇപ്പോൾ പൊലീസ് സംഘം ഒരുങ്ങുന്നത്.