ചെന്നൈ: പ്രായമുള്ള സ്ത്രീകളോട് പോലും മോശമായി പെരുമാറുന്നത് മലയാള സിനിമയിൽ പതിവെന്ന് നടി ലക്ഷ്മി രാമകൃഷ്ണൻ. പ്രമുഖ സംവിധായകന്‍റെ താൽപര്യത്തിന് വഴങ്ങാത്തതിനാൽ, 19 തവണ റീടേക്ക് എടുക്കേണ്ടി വന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. കൊച്ചിയിലെ ഹോട്ടലിലേക്കുള്ള ക്ഷണം തള്ളിയതിനാൽ ഒരു ചിത്രത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടെന്നും ലക്ഷ്മി പറഞ്ഞു.
ജേക്കബിന്റെ സ്വർഗരാജ്യം അടക്കം ചിത്രങ്ങളിലെ കാമ്പുള്ള കഥാപാത്രങ്ങളിലൂടെയും വെള്ളിത്തിരയ്ക്ക് പുറത്തെ കരുത്തുറ്റ നിലപാടുകളിലൂടെയും ശ്രദ്ധേയയായ ലക്ഷ്മി രാമകൃഷ്ണൻ മലയാള സിനിമാ സെറ്റുകളിൽ മുതിർന്ന സ്ത്രീകൾക്ക് പോലും രക്ഷയില്ലെന്ന് പറയുന്നത് സ്വന്തം അനുഭവങ്ങളിൽ നിന്നാണ്. കുടുംബചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ സംവിധായകൻ കൊച്ചിയിലെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചപ്പോൾ ചുട്ട മറുപടി നൽകിയതിന് പിന്നാലെ സിനിമയിൽ നിന്ന് ഒഴിവാക്കപ്പെട്ടുവെന്നും ലക്ഷ്മി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മലയാളി സംവിധായകന്റെ തമിഴ് സിനിമയുടെ ലോക്കേഷനിലുമുണ്ടായി ദുരനുഭവം. അമ്മവേഷങ്ങളിൽ അഭിനയിക്കുന്ന നടിമാർക്ക് തമിഴ് സെറ്റുകളില്‍ ബഹുമാനം ലഭിക്കും. എന്നാൽ ഹേമ കമ്മിറ്റി പോലൊന്ന് മലയാളത്തിൽ മാത്രമേ സാധ്യമാകൂ എന്നും പറയുന്നു സംവിധായകയുടെ വേഷത്തിലും തിളങ്ങിയിട്ടുള്ള ലക്ഷ്മി. സെറ്റുകളിൽ സ്ത്രീകൾ നേരിടുന്ന തൊഴിൽ ചൂഷണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ചർച്ചയാകാത്തതിൽ ദുഖമുണ്ടെന്നും ലക്ഷ്മി പറയുന്നു.