സെക്ഷ്വല്‍ ,ഫിസിക്കല്‍ , ഇമോഷണല്‍ വയലൻസുകള്‍ അനുഭവിച്ചിട്ടുള്ള എന്‍റെ ശരീരത്തെ എൻ്റെ മനസ്സിനെക്കാള്‍ ഉപരിയായി ഞാൻ സ്നേഹിക്കുന്നേയില്ല ; ഒട്ടും പ്രതീക്ഷിക്കാത്ത ആളില്‍ നിന്നാണ് മോശം അനുഭവം ഉണ്ടായത് ; ഇമോഷണൽ കുറിപ്പുമായി നടി പി എം ലാലി

കോഴിക്കോട് : ഏറെ ബഹുമാനിച്ചിരുന്ന ഒരാളില്‍ നിന്നും നേരിട്ട മോശമായ അനുഭവത്തെക്കുറിച്ച്‌ വെളിപ്പെടുത്തി നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ ലാലി പി.എം.തീര്‍ത്തും പ്രതീക്ഷിക്കാത്ത ഒരു ആളില്‍ നിന്നും അങ്ങനെയൊരു നീക്കം ഉണ്ടായത് വിഷമിപ്പിച്ചുവെന്നും ലാലി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

Advertisements

ലാലിയുടെ കുറിപ്പ്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറച്ചു ദിവസങ്ങള്‍ക്കു മുൻപ് എനിക്കും എൻ്റെ സുഹൃത്തിനും ഞങ്ങള്‍ വളരെയേറെ ബഹുമാനിച്ചിരുന്ന ഒരാളില്‍ നിന്നും മോശമായ ഒരു അനുഭവം ഉണ്ടായിരുന്നു. തീര്‍ത്തും പ്രതീക്ഷിക്കാത്ത ഒരു ആളില്‍ നിന്നും അങ്ങനെയൊരു നീക്കം ഉണ്ടായതാണ് എന്നെ സത്യത്തില്‍ വിഷമിപ്പിച്ചത്. അതിലുപരിയായി ഒരു മെന്‍റല്‍ ട്രോമ ഒന്നും എനിക്ക് അതില്‍ അനുഭവപ്പെട്ടില്ല. ഒരുതരം അവിശ്വസനീയത . ഇത്രയും അടുപ്പമുള്ള ആള്‍ ഇങ്ങനെയാണെങ്കില്‍ മറ്റുള്ളവര്‍ എങ്ങനെയായിരിക്കും എന്ന അങ്കലാപ്പ് .എനിക്ക് ഈ വിഷയത്തില്‍ ചില കാര്യങ്ങള്‍ നിങ്ങളോട് പറയാനുണ്ട്.

എന്നെ അറിയുന്നവര്‍ക്കറിയാം, ഞാൻ എന്‍റെ ശരീരത്തെ ഒരു വിശിഷ്ട വസ്തുവായി ഒന്നും കാണുന്നില്ല. ഒരാളെ ഹഗ്ഗ് ചെയ്യാനോ ചേര്‍ത്ത് പിടിക്കാനോ സ്നേഹത്തിന്‍റെയോ വാത്സല്യത്തിന്റെയോ പരിഗണനയുടെയോ ചുംബനങ്ങള്‍ കൊടുക്കുവാനോ എനിക്ക് മടിയുമില്ല. ആ ഉമ്മകളും കെട്ടിപ്പിടുത്തങ്ങളും എന്‍റെ ആത്മാവില്‍ നിന്നുമുള്ള സ്നേഹമാകുന്നു. എൻ്റെ സ്നേഹത്തിന്‍റെ ഭാഷ തന്നെ അതാണ് എന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ അത് ലൈംഗികതയുടേതാവണമെങ്കില്‍ പരസ്പരം അനുവാദം വേണം. ചെറുപ്പം മുതല്‍ പലരില്‍ നിന്നും സെക്ഷ്വല്‍ ഫിസിക്കല്‍ ഇമോഷണല്‍വയലൻസുകള്‍ അനുഭവിച്ചിട്ടുള്ള എന്‍റെ ശരീരത്തെ എൻ്റെ മനസ്സിനെക്കാള്‍ ഉപരിയായി ഞാൻ സ്നേഹിക്കുന്നേയില്ല.

സെക്ഷ്വല്‍ വയലൻസിനെ കുറച്ചു കാണുകയല്ല, ശരീരം വേദനിക്കുന്ന തരത്തിലോ മുറിവേല്‍ക്കുന്ന തരത്തിലോ ഈ വിഷയത്തില്‍ ഒന്നുമുണ്ടായിട്ടില്ല. നമ്മുടെ വീട്ടില്‍ നമ്മുടെ അനുവാദമില്ലാതെ ഒരു കള്ളൻ കടന്നു കയറുന്നത് പോലെയാണ്,എനിക്കത് ഫീല്‍ ചെയ്തത്. അതാണ് എന്നെ ഇറിറ്റേറ്റ് ചെയ്യിപ്പിക്കുന്നത്. എന്നാല്‍ എത്രയോ പ്രാവശ്യം എന്നെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും തള്ളി താഴെ ഇടുകയും മരണത്തെ മുന്നില്‍ കാണും വിധം കഴുത്ത് പിടിച്ചു ഞെരിക്കുകയും ചെയ്ത മനുഷ്യനെ പിണക്കം മറന്നു ശരീരത്തിനും മനസ്സിനും ഏറ്റ മുറിവുകള്‍ മറന്നു വീണ്ടും ജീവിതത്തിലേക്ക് കൂട്ടിയിട്ടുണ്ട്. ഒരു മാപ്പു പോലും പറയാതെ, കുറ്റബോധത്തിന്റെ ലാഞ്ചന പോലും ഇല്ലാതെ, ഒരു മനുഷ്യൻ എന്ന നിലയ്ക്ക് പോലും ഉള്ള ബഹുമാനമോ പരിഗണനയോ നല്‍കാതെ വീണ്ടും വീണ്ടും എൻ്റെ ജീവിതത്തില്‍ അയാള്‍ അധികാരിയായി ഇരുന്നിട്ടുണ്ട്.

എനിക്കറിയാം ഒരു പുരുഷൻ സ്ത്രീയുടെ ശരീരത്തിലേക്ക് ഇങ്ങനെ കടന്നു കയറുന്നതിന് ഇവിടത്തെ മതങ്ങള്‍ മുതല്‍ പുരുഷാധിപത്യസമൂഹം വരെ പല പല കാരണങ്ങളുണ്ട്. സത്യത്തില്‍ ഇവിടുത്തെ പുരുഷനും പുരുഷാധിപത്യ സമൂഹത്തിന്റെ ഇരകള്‍ തന്നെയാണ്. തങ്ങള്‍ അനുഭവിക്കുന്ന പ്രിവിലേജിന്റെ സുഖത്തില്‍ മുഴുകിയിട്ട് ,ഈ സിസ്റ്റം അവര്‍ക്ക് കൊടുക്കുന്ന മാനസിക ശാരീരിക സമ്മര്‍ദ്ദങ്ങളെ അവര്‍ അറിയുന്നില്ലെന്നേ ഉള്ളൂ. ജനാധിപത്യം എന്നത് നമുക്ക് ഇലക്ഷന് വോട്ട് ചെയ്ത് കൂടുതല്‍ സീറ്റ് കിട്ടുന്ന പാര്‍ട്ടി ഭരിക്കുന്ന വെറുമൊരുരാഷ്ട്രീയ പ്രക്രിയ മാത്രമാണ്. അത് സമൂഹത്തിലോ കുടുംബത്തിലോ വ്യക്തിബന്ധങ്ങളിലോ കൂടി നിലനിര്‍ത്തേണ്ടതാണെന്ന് ഉള്ള അവബോധം ഇല്ലാത്തതാണ് സ്ത്രീയുടെ ശരീരത്തിന് മേലുള്ള പുരുഷൻറെ കടന്നുകയറ്റത്തിന്റെ ഒരു കാരണം. വര്‍ഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന കണ്‍സെന്റ് എന്ന ജനാധിപത്യ രീതിക്ക് പുല്ലുവില കല്‍പ്പിക്കുന്നതാണ് മറ്റൊരു കാരണം.

എന്തേ അയാളുടെ പേര് പറയുന്നില്ല എന്ന് ചോദ്യത്തിന് ഞാൻ ഒരിക്കലും ഒരാളെ ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയമാക്കിയിട്ടില്ല എന്ന ഉറപ്പില്‍ എനിക്ക് ജീവിക്കാൻ വേണ്ടിയാണ് എന്നാണ് ഉത്തരം. സാധാരണ ആള്‍ക്കൂട്ട ആക്രമണം പോലെയല്ല ഇത്തരം കേസുകളിലെ ആള്‍ക്കൂട്ട ആക്രമണം. .ഒരു കൊലപാതകിയോടോ മോഷ്ടാവിനോടോ ക്ഷമിക്കാൻ പറ്റിയാലും ആള്‍ക്കൂട്ടത്തിന് ലൈംഗിക കുറ്റകൃത്യം ക്ഷമിക്കാൻ പറ്റില്ല. തലേദിവസം വരെ സ്ത്രീകളോടു മോശമായി പെരുമാറിയ ആളായിരിക്കും ചിലപ്പോള്‍ എറിയാൻ ആദ്യത്തെ കല്ലെടുക്കുക. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന് പറയാൻ നമുക്കിടയില്‍ അപ്പോള്‍ ഒരു യേശുക്രിസ്തു ഉണ്ടാവില്ല. ഓരോരുത്തരും എറിയാൻ ഏറ്റവും മുനയുള്ള കല്ലുകള്‍ തന്നെ തിരഞ്ഞെടുക്കും. ഇനി ഒരിക്കലും അയാള്‍ക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ എത്തിനോക്കാൻ പോലും പറ്റാത്ത വിധം ആക്രമിക്കപ്പെടും. ഒപ്പം അയാളുടെ ബന്ധുമിത്രാദികള്‍ അടക്കം അപമാനിക്കപ്പെട്ടും. ഒരുതരം മരണ ശിക്ഷ വിധിക്കുന്നതിന് തുല്യമാണത്.

അതെ സോഷ്യല്‍ ബോയ് കോട്ടിംഗ് ഒരുതരം മരണമാണ്. ഒരാളെ കൊല്ലുകയോ അയാളെ സോഷ്യല്‍ ബോയ്കോട്ട് ചെയ്യുകയോ അയാള്‍ ഇനി സോഷ്യല്‍ മീഡിയയില്‍ എത്താത്തവണ്ണം അയാളെ പുറത്താക്കുകയോ ഒന്നും എന്റെ ആവശ്യമല്ല. ആവശ്യം, തെറ്റ് മനസിലാക്കുകയും നിരുപാധികം ക്ഷമ ചോദിക്കുകയും ചെയ്യുക എന്നതായിരുന്നു. അയാള്‍ അത് അംഗീകരിക്കുകയും ചെയ്തു. ഇതില്‍ അയാളുടെ ചില സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും എല്ലാവിധ പിന്തുണയും ഞങ്ങള്‍ക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഞാൻ ആ വ്യക്തിയോട് പൊറുക്കുകയും ചെയ്തു.

ഇനി മറ്റൊരാളിലേക്കും ഇത്തരം വികല ചിന്തയുമായി കടന്നുകയറാൻ അയാള്‍ ശ്രമിക്കാതിരിക്കട്ടെ. ഇതൊരു മാതൃകാപരമായ രീതിയാണെന്നോ എല്ലാവരും അങ്ങനെ ചെയ്യണം എന്നോ ഒന്നും ആവശ്യപ്പെടുന്നില്ല. തെറ്റിന്റെ സാന്ദ്രതയനുസരിച്ച്‌ ഇരയാക്കപ്പെട്ട ആളുടെ ട്രോമാ അനുസരിച്ച്‌ തീരുമാനിക്കാവുന്നതാണ്. എന്‍റെ ചിന്തയില്‍ എനിക്കിതാണ് ശരി. ഇത് തന്നെയാണ് ഞാൻ ജീവിച്ച്‌ കൊണ്ടിരിക്കുന്ന, മുന്നോട്ടുവെക്കുന്ന എൻ്റെ രാഷ്ട്രീയം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.