ചെന്നൈ : സ്വയം പ്രഖ്യാപിത ‘ആള്‍ദൈവം’ സ്വാമി നിത്യാനന്ദ മരിച്ചതായി അഭ്യൂഹം. ചില ദേശീയ മാധ്യമങ്ങളും തമിഴ് പ്രാദേശിക മാധ്യമങ്ങളുമാണ് സ്വാമി നിത്യാനന്ദ മരിച്ചതായുള്ള വാർത്തകള്‍ പുറത്തുവിട്ടിരിക്കുന്നത്. ബലാത്സംഗ, ലൈംഗിക പീഡന ആരോപണങ്ങളെ തുടർന്ന് 2019 ല്‍ ഇന്ത്യയില്‍ നിന്ന് പലായനം ചെയ്ത അദ്ദേഹം മധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിനു സമീപത്തുള്ള ദ്വീപുകളിലൊന്ന് വാങ്ങി കൈലാസ എന്ന പേരില്‍ രാജ്യമാക്കി ജീവിക്കുന്നുവെന്നാണ് സൂചന.
കഴിഞ്ഞ ദിവസം വീഡിയോ കോണ്‍ഫറൻസിലൂടെ നടന്ന ഒരു ആത്മീയ പ്രഭാഷണത്തിനിടെ നിത്യാനന്ദയുടെ അനന്തരവൻ ശ്രീ നിത്യ സുന്ദരേശ്വരാനന്ദയാണ് വിവാദ ആള്‍ദൈവത്തിന്റെ മരണം സംബന്ധിച്ച ഞെട്ടിക്കുന്ന പ്രസ്താവന നടത്തിയിരിക്കുന്നത്. “ഹിന്ദു ധർമ്മം സംരക്ഷിക്കാൻ സാമി തന്റെ ജീവൻ ബലിയർപ്പിച്ചു” എന്നായിരുന്നു ശ്രീ നിത്യ സുന്ദരേശ്വരാനന്ദയുടെ വാക്കുകള്‍. പ്രഖ്യാപനം വലിയ അമ്ബരപ്പാണ് നിത്യാനന്ദയുടെ അനുയായികളിലുണ്ടായിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിത്യാനന്ദയുടെ മരണ വാർത്തയ്ക്ക് പിന്നാലെ അദ്ദേഹത്തിന്റെ 10000 കോടി രൂപയില്‍ അധികം വരുന്ന സ്വത്തിന് അവകാശി ആരായിരിക്കും എന്ന തരത്തിലുള്ള ചർച്ചകളും സജീവമാണ്. നിത്യ സുന്ദരേശ്വരാനന്ദ സ്വാമി നിത്യാനന്ദയുടെ പിന്‍ഗാമിയാകുമോ, അല്ലെങ്കില്‍ സ്വത്തില്‍ അവകാശവാദവുമായി നടിയും നിത്യാനന്ദയുടെ ശിഷ്യയുമായ രഞ്ജിത എത്തുമോ എന്ന് തുടങ്ങിയ ചോദ്യങ്ങള്‍ ഇതിനോടകം ഉയർന്ന് കഴിഞ്ഞു.
1978 ജനുവരി 1 ന് തമിഴ്‌നാട്ടിലെ തിരുവണ്ണാമലയില്‍ അരുണാചലം – ലോകനായകി ദമ്ബതികളുടെ മകനായിട്ടാണ് നിത്യാനന്ദ ജനിക്കുന്നത്. രാജശേഖരൻ എന്നായിരുന്നു അച്ഛനും അമ്മയും നല്‍കിയ പേര്. ഇടത്തരം കുടുംബത്തില്‍ ജനിച്ച രാജശേഖരനു സ്കൂളില്‍ പോകാൻ താല്‍പര്യമുണ്ടായിരുന്നില്ലെങ്കിലും ആത്മീയ വഴികള്‍ അന്ന് തന്നെ ഇഷ്ടമായിരുന്നു. വീട്ടില്‍കഴിയുന്നതിനെക്കാള്‍ കൂടുതല്‍ ക്ഷേത്രങ്ങളുടെ പരിസരത്ത് കഴിഞ്ഞ വ്യക്തിയാണ് രാജശേഖരനെന്നും മുന്‍കാല കഥകള്‍ പറയുന്നു.
1995 ല്‍ സന്യാസം സ്വീകരിക്കാൻ ചെന്നൈയിലെ രാമകൃഷ്ണ മഠത്തില്‍ എത്തിയെങ്കിലും 10 വർഷത്തെ പഠനം നാല് വർഷം പൂർത്തിയാകിയപ്പോഴേക്കും അവിടെ നിന്നും മടങ്ങി. തുടർന്ന് ജീവിക്കാന്‍ പല പണികള്‍ ചെയ്ത അദ്ദേഹം വീണ്ടും ആത്മീയ വഴിയിലേക്ക് തിരിച്ചെത്തി. പവിഴക്കുണ്ട് മലയില്‍ സ്ത്രീകള്‍ നടത്തുന്ന ആശ്രമത്തില്‍ ചേർന്നെങ്കിലും പിന്നീട് അവിടെ നിന്ന് പുറത്താക്കപ്പെട്ടു. ആത്മീയ പ്രഭാഷണവും രോഗസൗഖ്യ അവകാശ വാദവുമാണ് രാജശേഖരിന്റെ ജീവതത്തില്‍ വഴിത്തിരിവായി മാറുന്നത്.
2000 ല്‍ സ്വന്തമായി ആശ്രമം തുടങ്ങിയ അദ്ദേഹം നിത്യാനന്ദ എന്ന പേര് സ്വീകരിച്ചു. തെന്നിന്ത്യൻ താരസുന്ദരിയായിരുന്ന നടി രഞ്ജിതയുമായുള്ള കിടപ്പറ ദൃശ്യങ്ങള്‍ പുറത്തുവന്നത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കി. 2004 മുതല്‍ 2009 വരെ ശിഷ്യയായിരുന്ന ഒരു യുവതിയുടെ വെളിപ്പെടുത്തലോടെയാണ് നിത്യാനന്ദയിലെ യഥാർത്ഥ വില്ലന്‍ കഥാപാത്രം പുറത്തേക്ക് വരുന്നത്. നാല്‍പതോളം തവണ നിത്യാനന്ദ തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്നായിരുന്നു യുവതിയുടെ പരാതി.
സൈബർ ആക്രമണവും വധശ്രമങ്ങളുമായിട്ടാണ് ഈ യുവതിയെ നിത്യാന്ദയുടെ അണികള്‍ നേരിട്ടത്. എന്നാല്‍ ഇതിന് പിന്നാലെയാണ് 2008 മുതല്‍ 2018 വരെ നിത്യാനന്ദയ്ക്കൊപ്പം ഉണ്ടായിരുന്ന വിജയകുമാർ എന്ന യുവാവിന്റെ വെളിപ്പെടുത്തലും വരുന്നത്. പ്രകൃതി വിരുദ്ധ പീഡനമെന്നതായിരുന്നു അദ്ദേഹം ഉയർത്തിയ ആരോപണം. യഥാർത്ഥത്തില്‍ തന്റെ രണ്ട് മക്കളെ നിത്യാനന്ദ തടവില്‍ പാർപ്പിച്ചിരിക്കുന്നുവെന്ന ഒരു അച്ഛന്റെ പരാതിയാണ് നിത്യാനന്ദയുടെ അടിത്തറ ഇളക്കുന്നത്. ഈ പെണ്‍കുട്ടികള്‍ അച്ഛനെ തള്ളി നിത്യാനന്ദയെ പിന്തുണച്ചെങ്കിലും അദ്ദേഹത്തിന് ഒളിവില്‍ പോകേണ്ടി വരികയായിരുന്നു. പിന്നീട് ഇന്ത്യ ഇന്റർപോള്‍ വഴി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടും, അദ്ദേഹത്തെ കണ്ടെത്താനായില്ല.
നിത്യാനന്ദ എവിടെ എന്ന ചോദ്യം ഉയരുന്നതിന് ഇടയിലാണ് മധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിനു സമീപത്തുള്ള ദ്വീപുകളിലൊന്ന് നിത്യാനന്ദ വാങ്ങി കൈലാസ എന്ന പേരില്‍ രാജ്യമാക്കിയിരിക്കുന്നുവെന്ന വാർത്ത പുറത്ത് വരുന്നത്. കൈലാസ ഒരു പരമാധികാര ഹിന്ദു രാഷ്ട്രമാണെന്ന് അവകാശപ്പെട്ട അദ്ദേഹം രാജ്യത്തിന് സ്വന്തമായി നോട്ടും പാസ്പോർട്ടും പതാകയും ദേശീയ ചിഹ്നവുമൊക്കെ പുറത്തിറക്കി. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കുന്ന തരത്തില്‍ ഒരു തെളിവുകളും ഇപ്പോഴും പുറത്ത് വന്നിട്ടില്ല. ട്രിനിഡാഡ് ആൻഡ് ടുബാഗോയിലെ ഒരു ദ്വീപാണ് കൈലാസ രാജ്യം എന്ന പേരില്‍ നിത്യാനന്ദ മാറ്റിയതെന്ന തരത്തിലുള്ള റിപ്പോർട്ടുകളും ശക്തമാണ്..