കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തിൽ ചിത്രങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധിച്ചത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെടുന്ന ഹർജി കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്ന് പ്രതിയായ നടൻ ദിലീപ് ഹൈക്കോടതിയില്‍. വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തില്‍ പ്രോസിക്യൂഷനും കൈകോര്‍ക്കുകയാണ്. കാര്‍ഡിലെ ദൃശ്യങ്ങള്‍ക്ക് മാറ്റമില്ലാതിരിക്കെ ഇക്കാര്യത്തില്‍ അന്വേഷണം നടത്താൻ കഴിയുന്നതെങ്ങനെയെന്നും ദിലീപിന്റെ അഭിഭാഷകൻ ആരാഞ്ഞു.
കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് അനധികൃത പരിശോധനയെ തുടര്‍ന്നാണെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നടി നല്കിയ ഹർജിയിലാണ് ദിലീപിന്റെ വാദം.ഏതു സാഹചര്യത്തിലാണ് മൂന്നുതവണ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതെന്നത് അന്വേഷിക്കണമെന്നാണ് നടി ആവശ്യപ്പെടുന്നതെന്ന് പ്രോസിക്യൂഷൻ ഡയറക്ടര്‍ ചൂണ്ടിക്കാട്ടി. കാര്‍ഡിലെ ദൃശ്യങ്ങള്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെങ്കിലും ദൃശ്യങ്ങളുടെ ഹാഷ് വാല്യുവില്‍ മാറ്റം ഉണ്ടായിട്ടില്ലെന്ന് ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു. കാര്‍ഡ് പരിശോധിച്ചിട്ടുണ്ടെങ്കില് അതിലെന്താണ് തെറ്റെന്ന് വാദം കേള്‍ക്കുന്ന ജസ്റ്റിസ് കെ. ബാബു ചോദിച്ചു. ഹാഷ് വാല്യുവിലുണ്ടായ മാറ്റത്തില്‍ അന്വേഷണം ആവശ്യപ്പെടുന്നതില്‍ ആശങ്കപ്പെടുന്നതെന്തിനെന്ന് ദിലീപിനോടും ആരാഞ്ഞു. വിചാരണ നീളുന്നതിനാലാണ് ആശങ്കയെന്നും തന്റെ ജീവിതമാണ് ഈ കേസ് കാരണം നഷ്ടമായതെന്നുമായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ മറുപടി.