കൊച്ചി : നടൻ കെ.ഡി. ജോര്‍ജിന്‍റെ മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ല, രണ്ടാഴ്ചയായി മോര്‍ച്ചറിയില്‍. നാളെ സംസ്കരിക്കും. പഴയകാല നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ കെ.ഡി. ജോര്‍ജ് ഡിസംബര്‍ 29 നാണ് അന്തരിച്ചത്. സത്യനും ജയനുമെല്ലാം വെള്ളിത്തിരയിലെത്തിയപ്പോള്‍ ഫ്രെയിമില്‍ കെഡിക്കും ഒരിടമുണ്ടായിരുന്നു. അഭിനയത്തില്‍ നിന്ന് പിന്നീട് കെ.ഡി. ജോര്‍ജ് ശബ്ദകലയിലേക്ക് തിരിഞ്ഞു. പണ്ടുമുതലേ ഒറ്റയ്ക്കായിരുന്നു ജീവിതം. ഏറ്റെടുക്കാന്‍ ആരുമില്ലെന്ന് ജോര്‍ജിനെ അറിയുന്ന കലാകാരന്‍മാര്‍ മരിച്ച അന്ന് തന്നെ സര്‍ക്കാരിനെ അറിയിച്ചിരുന്നു. തുടർന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
നടപടിക്രമങ്ങള്‍ പാലിക്കേണ്ടതിൻ്റെ അടിസ്ഥാനത്തില്‍ ആദ്യം പത്രപരസ്യംകൊടുത്തു.എന്നാല്‍ മൃതദേഹം ഏറ്റെടുക്കാൻ ആരും വന്നില്ല. 7 ദിവസം കഴിഞ്ഞ് മൃതദേഹം വിട്ടുനല്‍കാമെന്ന് പൊലീസും കോര്‍പറേഷനും വാക്കു നൽകിയിരുന്നെങ്കിലും ഒടുവില്‍ മൃതദേഹം സര്‍ക്കാര്‍ തന്നെ സംസ്കരിക്കുമെന്നായി തീരുമാനം. അങ്ങനെ അന്തിമോപചാരവും പൊതുദര്‍ശനവും മോര്‍ച്ചറിക്ക് മുന്നില്‍ തന്നെയാക്കുകയായിരുന്നു. ഇന്നു രാത്രി കൂടി മോര്‍ച്ചറിയില്‍ സൂക്ഷിച്ച് നാളെ ജോര്‍ജിൻ്റെ സംസ്കാര ചടങ്ങുകള്‍ നടക്കും.