മുംബൈ : തന്റെ മകൻ ജീത് അദാനിയുടെ വിവാഹം ഫെബ്രുവരി ഏഴിന് നടക്കുമെന്ന് അറിയിച്ച് വ്യവസായ പ്രമുഖൻ ഗൗതം അദാനി. വജ്രവ്യാപാരി ജയ്മിൻ ഷായുടെ മകള്‍ ദിവ ജയ്മിൻ ഷായാണ് ജീതിന്റെ പ്രതിശ്രുതവധു. വിവാഹം വളരെ ലളിതവും പരമ്ബരാഗതവുമായ രീതിയിലാണ് നടത്തുകയെന്നും ഗൗതം അദാനി പറഞ്ഞു. മഹാകുഭമേളയില്‍ പങ്കെടുക്കാനായി കുടുംബത്തോടൊപ്പം പ്രയാഗ്രാജിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം മകന്റെ വിവാഹത്തെ കുറിച്ച് സംസാരിച്ചത്.ജീത്തിന്റെ വിവാഹത്തില്‍ ധാരാളം സെലിബ്രിറ്റികള്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് ഇല്ലെന്നും ഗൗതം അദാനി പറഞ്ഞു. വളരെ അടുത്ത കുടുംബാംഗങ്ങള്‍ മാത്രമേ വിവാഹചടങ്ങില്‍ പങ്കെടുക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2023 മാർച്ച് 12നായിരുന്നു ജീതും ദിവ ഷായും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. അദാനിയുടെ ഇളയമകനാണ് ജീത്.