വിശാഖപട്ടണം: ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിന്റെ കാലത്ത് ആന്ധ്രാ പ്രദേശില്‍ പണികഴിപ്പിച്ച റുഷികൊണ്ട പാലസിന്റെ ആകാശ ദൃശ്യങ്ങളും അകത്തെ ദൃശ്യങ്ങളും സര്‍ക്കാര്‍ പുറത്തുവിട്ടു.ജഗന്‍മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ടൂറിസം പ്രോജക്ടെന്ന നിലയില്‍ റുഷികൊണ്ട പാലസ് നിര്‍മാണം തുടങ്ങുന്നത്. പിന്നീടത് ജഗന്‍ മോഹന്റെ വസതിയും പ്രമുഖര്‍ വന്നാല്‍ താമസിക്കാന്‍ സൗകര്യമുള്ള ഇടവുമാക്കി മാറ്റി. റുഷികൊണ്ട പാലസിന്റെ നിര്‍മാണത്തിനായി ചെലവിട്ട 450 കോടി രൂപയുടെ പേരില്‍ ജഗന്‍മോഹന്‍ റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ജഗന്‍ ‘ആന്ധ്ര എസ്‌കോബാര്‍’ ആണെന്ന് ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തി. 450 കോടി രൂപ ചെലവിട്ട് വിശാഖപട്ടണത്ത് കടലോരത്താണ് റുഷികൊണ്ട കുന്നില്‍ അത്യാഡംബര സൗധം പണി കഴിപ്പിച്ചത്. 400 കോടി രൂപയുണ്ടായിരുന്നെങ്കില്‍ ഉത്തര ആന്ധ്രയിലെ കുടിവെള്ളപ്രശ്‌നം പൂര്‍ണമായി പരിഹരിക്കാന്‍ കഴിഞ്ഞേനേയെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. ബാത്ത് ടബ്ബിന് മാത്രം 36 ലക്ഷമാണ് ചെലവ്. ഒരു അലമാരയുടെ വില 12 ലക്ഷം. കൊട്ടാരം മുഴുവന്‍ ഇറ്റാലിയന്‍ മാര്‍ബിളാണ്. 200 ആഡംബര വിളക്കുകളുണ്ട്. 12 കിടപ്പുമുറികള്‍, 300 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയെല്ലാമാണ് മറ്റ് പ്രത്യേകതകള്‍. വൈറ്റ് ഹൗസിലോ രാഷ്ട്രപതിഭവനിലോ പോലും ഇങ്ങനെയില്ലെന്ന് നായിഡു പറയുന്നു. മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമൊപ്പമാണ് നായിഡു റുഷികൊണ്ടയില്‍ എത്തിയത്. ബംഗ്ലാവിന്റെ നിര്‍മാണ സമയത്ത് മാധ്യമങ്ങളും പരിസ്ഥിതി പ്രവര്‍ത്തകരും ഉള്‍പ്പെടെ ആര്‍ക്കും ഈ പ്രദേശത്തേക്ക് പ്രവേശനമുണ്ടായിരുന്നില്ല. അന്ന് തനിക്കും കാണാന്‍ അനുമതി കിട്ടിയില്ലെന്ന് നായിഡു പറഞ്ഞു. ജനങ്ങളുടെ പണമാണ് നിരുത്തരവാദപരമായി ചെലവഴിക്കപ്പെട്ടത്. റുഷികൊണ്ട പാലസ് ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കണോ അതോ മറ്റേതെങ്കിലും ആവശ്യത്തിനുപയോഗിക്കണോ എന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. അതിനായി വിദഗ്‌ധോപദേശവും നിര്‍ദേശങ്ങളും തേടുമെന്നും അദ്ദേഹം പറഞ്ഞു. വൈഎസ്‌ആര്‍ കോണ്‍ഗ്രസിന്റെ കാലത്ത് പണിത കൊട്ടാരം എന്തുചെയ്യണമെന്ന കാര്യത്തില്‍ തനിക്കൊരു പിടിയുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെയാണ് കൊട്ടാരം വീണ്ടും ചര്‍ച്ചയായത്. വിശാഖപട്ടണത്ത് ബംഗാള്‍ ഉള്‍ക്കടലിന് അഭിമുഖമായി 13,542 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ നാല് ബ്ലോക്കുകളിലായി 10 ഏക്കറിലാണ് കൊട്ടാരത്തിന് തുല്യമായ സമുച്ചയം നിര്‍മിച്ചിരിക്കുന്നത്. യെന്‍ഡഡ വില്ലേജിലെ സര്‍വേ നമ്ബര്‍ 19ല്‍ 61 ഏക്കര്‍ ഭൂമിയിലാണ് നിര്‍മാണം. കുന്ന് ഇടിയാതിരിക്കാനുള്ള കോടിക്കണക്കിന് രൂപയുടെ നിര്‍മാണവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ പോലുള്ള വിശിഷ്ട വ്യക്തികള്‍ എത്തിയാല്‍ അവര്‍ക്ക് താമസിക്കാനുള്ള അതിഥി മന്ദിരമായും ടൂറിസം പദ്ധതിയുടെ ഭാഗമായുമാണ് കെട്ടിടം എന്നായിരുന്നു ജഗന്‍ സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. 12 കിടപ്പുമുറികള്‍, മള്‍ട്ടി ഹ്യൂഡ് ലൈറ്റിങ് തുടങ്ങിയ അത്യാഡംബര സൗകര്യങ്ങളോടെയാണ് നിര്‍മാണം. ഒരു ബാത്ത് ടബ്ബിന് 36 ലക്ഷം രൂപയും ഒരു കമോഡിന് 12 ലക്ഷം രൂപയുമാണ് വില. ഗജപതി, കലിംഗ, വെങ്കി എന്നീ പേരുകളാണ് ഓരോ ബ്ലോക്കിനും നല്‍കിയിരിക്കുന്നത്. ആഡംബര കിടപ്പുമുറികള്‍ കടല്‍ കാഴ്ചകള്‍ കണ്ട് വിശ്രമിക്കാന്‍ സാധിക്കുന്ന മുറികള്‍. 300 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയുമുണ്ട്. ഇറ്റാലിയന്‍ മാര്‍ബിലാണ് തറകള്‍ പൂര്‍ത്തിയാക്കിരിക്കുന്നത്. 200 കൂറ്റന്‍ ലൈറ്റുകള്‍, 200 ടണ്‍ സെന്‍ട്രല്‍ എയര്‍ കണ്ടീഷനിംഗ്, ഫാന്‍സി ഫാനുകള്‍ വൈദ്യുതി ഉറപ്പാക്കാന്‍ 100 കെവി പവര്‍ സബ്സ്റ്റേഷന്‍ എന്നിവയും ഉള്‍പ്പെടും. ഇത്തരമൊരു നിര്‍മാണം താന്‍ കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ശനിയാഴ്ച പറഞ്ഞു. ഒരു ജനാധിപത്യ രാജ്യത്ത് ഇത്തരമൊരു കാര്യം സാധ്യമാണോയെന്നത് അത്ഭുതകരമാണ്. നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഇത്തരമൊരു നിര്‍മാണം കണ്ടിട്ടില്ല. പൊതുപണം തട്ടിയെടുത്താണ് ഇത്രയും വലിയ നിര്‍മാണം നടന്നത്. ഇതിനായി ചെലവഴിച്ച 450 കോടി രൂപ ഉപയോഗിച്ച് ആന്ധ്രയിലെ മുഴുവന്‍ ജലസേചന ജോലികളും പൂര്‍ത്തിയാക്കാമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജാക്കന്മാര്‍ പോലും ഇത്തരമൊരു നിര്‍മാണം നടത്തുമെന്ന് ഞാന്‍ കരുതുന്നില്ല. വിനോദസഞ്ചാരത്തിന് പോലും ഈ കൊട്ടാരം അപ്രായോഗികമാണ്. കെട്ടിടത്തിലെ ഇതുപോലൊരു ഇടനാഴി വൈറ്റ് ഹൗസില്‍ പോലും ഉണ്ടാകില്ലെന്നാണ് കരുതുന്നത്. രാഷ്ട്രപതി ഭവന് പോലും ഒരു ചെറിയ ഇടനാഴിയാണ്. റുഷിക്കൊണ്ട കൊട്ടാരത്തെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും പൊതുജനങ്ങള്‍ക്കായി സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ജഗന്‍ മോഹന്‍ റെഡ്ഡി സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി പരിസ്ഥിയെ നശിപ്പിച്ചതായും, രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച് കൊണ്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും ചന്ദ്രബാബു നായിഡു വിമര്‍ശിച്ചു. ‘ മുന്‍പ് ഈ സ്ഥലം സന്ദര്‍ശിക്കാന്‍ മാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെ ആര്‍ക്കും അനുവാദം ഉണ്ടായിരുന്നില്ല. ജഗന്‍ മോഹന്റെ കാലത്ത് അതീവ രഹസ്യ സങ്കേതമായിരുന്നു ഇത്. നിയമങ്ങളെല്ലാം അന്നത്തെ സര്‍ക്കാര്‍ കാറ്റില്‍ പറത്തി. ദേശീയ ഹരിത ട്രൈബ്യൂണല്‍, സുപ്രീം കോടതി, ഹൈക്കോടതി തുടങ്ങിയവയെ എല്ലാം വൈഎസ്‌ആര്‍സിപി സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചു.