തിരുവനന്തപുരം: പിവി അന്‍വറിനെതിരെ ആരോപണവുമായി എഡിജിപി എംആർ അജിത് കുമാർ രംഗത്ത്. പിവി അൻവർ എംഎൽഎക്ക് പിന്നിൽ ബാഹ്യ ശക്തികളുണ്ടെന്ന് ഡിജിപിക്ക് നൽകിയ മൊഴിയിൽ അജിത് കുമാർ പറയുന്നു. ഗൂഢാലോചനയിൽ സംശയിക്കുന്ന കാര്യങ്ങൾ എഡിജിപി മൊഴി നൽകി. അന്വേഷണത്തിൻ്റെ ഭാഗമായി വീണ്ടും അജിത് കുമാറിന്റെ മൊഴിയെടുക്കും.
ആരോപണങ്ങൾക്ക് രേഖാമൂലം മറുപടി നൽകാന് അവസരം വേണമെന്നും അജിത് കുമാർ ആവശ്യപ്പെട്ടു. അന്‍വറിൻ്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി എഡിജിപി എം ആർ അജിത് കുമാറിന്റെ മൊഴി രേഖപ്പെടുത്തിയത്. മൂന്നര മണിക്കൂർ നീണ്ട മൊഴിയെടുപ്പ് വീഡിയോ റെക്കോർഡ് ചെയ്തു. ഐജി സ്പർജൻ കുമാറും മൊഴിയെടുക്കുമ്പോഴുണ്ടായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അൻവറിൻ്റെ ആരോപണത്തിന് പുറമെ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് എഡിജിപി നൽകിയ മൊഴി എന്ത് എന്നതിൽ ആകാംക്ഷയുണ്ട്. സ്വകാര്യ സന്ദർശനമെന്നായിരുന്നു അജിത് കുമാർ നേരത്തെ മുഖ്യമന്ത്രിക്ക് നൽകിയ വിശദീകരണം. നിരന്തരം ആരോപണം ഉന്നയിക്കുന്ന അൻവറിനെതിരെ എന്തെങ്കിലും തെളിവ് നൽകിയോ എന്നുള്ളതും പ്രധാനമാണ്.
ഇതിനിടെ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനമടക്കമുള്ള പരാതിയിൽ ഡിജിപി വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തു. എംആർ അജിത് കുമാർ ക്രമസമാധാന ചുമതല നിർവ്വഹിക്കുന്നതിനാൽ ഉദ്യോഗസ്ഥർ തെളിവുകള്‍ നൽകാൻ മുന്നോട്ടുവരുന്നില്ലെന്ന് ഡിജിപിയെ കണ്ടശേഷം പിവി അൻവർ എംഎൽഎ പറഞ്ഞു.
അതിനിടെ, തുടർച്ചയായ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് പിവി അൻവർ പറഞ്ഞു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് എംഎല്‍എ ഡിജിപിക്ക് കത്ത് നൽകി. തന്നെ കൊല്ലാനും കുടുംബത്തെ അപായപെടുത്തുത്താനും സാധ്യതയുണ്ട്. കുടുബത്തിനും വീടിനും സ്വത്തിനും സംരക്ഷണത്തിനായി പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നാണ് അൻവർ എംഎല്‍എയുടെ ആവശ്യം.